ന്യൂഡൽഹി: അരവിന്ദ് കെജ്‍രിവാളിന്റെ മദ്യനയ അഴിമതി ഡൽഹി ഖജനാവിന് വരുത്തിവെച്ചത് 2,026 കോടി രൂപയുടെ നഷ്ടം. ഡൽഹിയിലെ മദ്യ നയത്തെക്കുറിച്ചുള്ള കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിലാണ് ഗുരുതര വെളിപ്പെടുത്തൽ. ഇതാദ്യമായാണ് അഴിമതിയുടെ യഥാർത്ഥ വ്യാപ്തിയിലേക്ക് വിരൽ ചൂണ്ടുന്നു കണക്കുകൾ ഔദ്യോഗികമായി പുറത്തുവരുന്നത്.
മദ്യനയത്തിലെ വീഴ്ചകൾ സർക്കാർ ഖജനാവിന് ഏകദേശം 2,026 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആം ആദ്മി നേതാക്കൾക്ക് “കോഴപ്പണം” ലഭിച്ചപ്പോൾ സാധാരണക്കാരാണ് ഇതിന്റെ ആഘാതം അനുഭവിച്ചത്. വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ മനീഷ് സിസോദിയയും മന്ത്രിമാരുടെ സംഘവും അവഗണിച്ചുവെന്നും മദ്യവിൽപ്പനശാലകൾക്ക് ലൈസൻസ് നൽകിയതിൽ മനപൂർവ്വം നിയമലംഘനം നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മന്ത്രിസഭയുടെയോ ഡൽഹി ലഫ്റ്റനന്റ് ഗവർണറുടയോ അംഗീകാരമില്ലാതെയാണ് പല സുപ്രധാന തീരുമാനങ്ങളും എടുത്തതെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. എക്സൈസ് ചട്ടങ്ങൾ അംഗീകാരത്തിനായി നിയമസഭയുടെ മുമ്പാകെ വെക്കേണ്ടതായിരുന്നു, എന്നാൽ അതും ഉണ്ടായില്ല.
പരാതികൾക്കിടയിലും ലേലം വിളിക്കാൻ എല്ലാ സ്ഥാപനങ്ങൾക്കും അനുമതി നൽകി. ലേലത്തിൽ പങ്കെടുക്കുന്നവരുടെ സാമ്പത്തിക സ്ഥിതി ലൈസൻസ് നൽകുന്നതിന് മുമ്പ് പരിശോധിച്ചില്ല. നിയമലംഘകർക്ക് പിഴ ചുമത്താനോ വിലനിർണ്ണയത്തിൽ സുതാര്യത ഉറപ്പു വരുത്താനോ ശ്രമിച്ചിട്ടില്ല. മദ്യനയ റദ്ദാക്കുന്നതിന് മുമ്പ് തന്നെ ചില ചില്ലറ വ്യാപാരികൾ ലൈസൻസ് സറണ്ടർ ചെയ്തിരുന്നു. എന്നാൽ ഈ മദ്യശാലകൾ പുനർലേലം ചെയ്യാത്തതിനാൽ ഈ വകയിൽ മാത്രം 890 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും
സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.















