ലക്നൗ: മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ്‌രാജിലെ യമുനാഘട്ടിൽ വാട്ടർ ലേസർ ഷോ നടന്നു. ഉത്തർപ്രദേശ് വ്യവയായ വികസനമന്ത്രി നന്ദ് ഗോപാൽ ഗുപ്തയാണ് വാട്ടർ ലേസർ ഷോ ഉദ്ഘാടനം ചെയ്തത്. 45 മിനിറ്റ് ദൈർഘ്യമുള്ള ലേസർ ഷോയാണ് യമുനാഘട്ടിൽ നടന്നത്.
20 കോടി രൂപ ചെലവിൽ 60 ദിവസം കൊണ്ടാണ് വാട്ടർ ലേസർ ഷോ ഒരുക്കിയത്. 100 പേരടങ്ങുന്ന സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഈ സംഘം നേരത്തെ, അയോദ്ധ്യയിലും ഝാൻസിയിലും സമാന വാട്ടർ ലേസർ ഷോകൾ നടത്തിയിരുന്നു.
പ്രയാഗ്‌രാജിൽ ഒത്തുകൂടിയ വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും അതിശയിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യവിരുന്നാണ് വാട്ടർ ലേസർ ഷോ സമ്മാനിച്ചതെന്ന് ഉദ്ഘാടനത്തിന് ശേഷം മന്ത്രി നന്ദ് ഗോപാൽ ഗുപ്ത പ്രതികരിച്ചു. കുംഭമേളയിൽ പങ്കെടുക്കുന്ന തീർത്ഥാടകരെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ലേസർ ഷോ സംഘടിപ്പിക്കുന്നത്. വെള്ളവും പ്രകാശവും ഒത്തുചേർന്ന ഈ പ്രദർശനം കുംഭമേളയുടെ മഹത്വം വർദ്ധിപ്പിക്കും. ആത്മീയതയുടെ മഹാസംഗമമാണ് കുംഭമേളയെന്നും അദ്ദേഹം പറഞ്ഞു.
കുംഭമേളയുടെ ഐതീഹ്യം വിളിച്ചോതുന്ന പ്രദർശനമായിരുന്നു യമുനാഘട്ടിൽ നടന്ന വാട്ടർ ലേസർ ഷോ. എല്ലാ ദിവസവും പ്രദർശനം ഉണ്ടായിരിക്കും. ഇത്തവണ 45 കോടിയിലധികം ഭക്തർ കുംഭമേളയിൽ പങ്കെടുക്കുമെന്നാണ് വിവരം. ഈ മാസം 14-ന് ആരംഭിച്ച് 29 നായിരിക്കും കുംഭമേള സമാപിക്കുക.















