ലോസ് ഏഞ്ചൽസ്; അമേരിക്കയിൽ വ്യാപക നാശം വിതച്ച കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ പാടുപെട്ട് രക്ഷാപ്രവർത്തകർ. കാലാവസ്ഥയിലെ മാറ്റവും കാറ്റുമാണ് തീ നിയന്ത്രണ വിധേയമാക്കുന്നതിന് തടസമാകുന്നത്. ഇതുവരെ 16 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 12,000 ത്തോളം കെട്ടിടങ്ങൾ അഗ്നിക്കിരയായി എന്നാണ് റിപ്പോർട്ടുകൾ.
ആയിരം ഏക്കർ സ്ഥലത്തേക്ക് കൂടി തീ പടർന്നു പിടിച്ചതായാണ് റിപ്പോർട്ട്. ലോസ് ഏഞ്ചൽസിന് പടിഞ്ഞാറൻ പ്രദേശമായ ബ്രെന്റ് വുഡ്ഡിലേക്കും തീ പടരാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വരണ്ട കാറ്റാണ് തീ അതിവേഗം പടരുന്നതിന് കാരണമായത്. രാത്രിയിൽ വീണ്ടും തീ പടരുന്ന സ്ഥിതിയാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. തീയുടെ ഗതി മാറുന്നത് കണക്കിലെടുത്താണ് ബ്രെന്റ് വുഡ്ഡിലും സാൻ ഫെർണാണ്ടോ താഴ് വരയിലും കൂടുതൽ പേരെ ഒഴിപ്പിക്കാൻ നീക്കം നടത്തുന്നത്.
15,000 കോടിയിലേറെ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. സമീപകാലത്ത് യുഎസ് കണ്ട ഏറ്റവും വലിയ കാട്ടുതീയാണ് ഉണ്ടായിരിക്കുന്നത്. 7500 ലധികം അഗ്നിരക്ഷാസേനാംഗങ്ങളാണ് കാട്ടുതീ നിയന്ത്രിക്കാനായി പരിശ്രമിക്കുന്നത്. ഈറ്റൺ തീപിടുത്തത്തിൽ 11 പേരും പാലിസേഡ്സിൽ 5 പേരുമാണ് മരിച്ചത്. പാലിസേഡ്സിൽ മാത്രം 23, 654 ഏക്കറിൽ തീ പടർന്നതായാണ് റിപ്പോർട്ട്. ഈറ്റൺ തീപിടുത്തത്തിൽ 14,000 ഏക്കറാണ് കത്തിനശിച്ചത്. ഇതിന്റെ പതിനഞ്ച് ശതമാനം മാത്രമാണ് അണയ്ക്കാനായത്.
ഇതുവരെ ഒന്നര ലക്ഷത്തിലധികം ആളുകളോട് നിർബന്ധിതമായി ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയെന്നും അതിൽ കൂടുതൽ ആളുകൾക്ക് ഒഴിപ്പിക്കൽ സാദ്ധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.