പത്തനംതിട്ട: തിരുവല്ലയിലെ പാർക്കിൽ വച്ച് പട്ടാപ്പകൽ 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. ശിശുക്ഷേമ വകുപ്പ് ഇടപെട്ട് ഗർഭച്ഛിദ്രം നടത്തി. കായികതാരത്തെ 60-ലേറെ പേർ ചേർന്ന് പീഡിപ്പിച്ചെന്ന വാർത്തയുടെ ഞെട്ടൽ മാറുന്നതിന് മുൻപാണ് മനസാക്ഷി മരവിക്കുന്ന വാർത്ത പുറത്തുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചുങ്കപ്പാറ സ്വദേശി ജെസ്വിനെ (26) റിമാൻഡ് ചെയ്തു.
തിരുവല്ല പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാസമാണ് കേസ് രജിസ്റ്റർ ചെയ്തത്. വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു പീഡനമെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. വൈദ്യപരിശോധനയിലാണ് 17-കാരി ആറാഴ്ച ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ പ്രായം, ഭാവി, ഗർഭത്തിന്റെ കാലദൈർഘ്യം എന്നിവ കണക്കിലെടുത്ത് CWCയുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു ഗർഭച്ഛിദ്രം നടത്തിയത്.
ഭ്രൂണത്തിന്റെ ഡിഎൻഎ സാമ്പിൾ ഉൾപ്പടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. തുടർന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ജെസ്വിനെ അറസ്റ്റ് ചെയ്തത്.