ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയ്‌ക്കും മുൻ നായകൻ വിരാട് കോലിക്കും അല്പം കൂടി സമയം നൽകാൻ ബിസിസിഐ. ഇരുവരുടെയും ഭാവി വരുന്ന ചാമ്പ്യൻസ് ട്രോഫിയിലെ പ്രകടനമാകും നിർണയിക്കുക. അതുവരെ രോഹിത് ക്യാപ്റ്റനായി തുടരും. ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ആദ്യ മത്സരത്തിൽ കോലി സെഞ്ച്വറി നേടിയെങ്കിലും പിന്നീട് പരാജയമായി. രോഹിത്തിന് ഒരു മത്സരത്തിൽ പോലും തിളങ്ങാനുമായില്ല. ഇതോടെയാണ് ഇരുവരുടെയും ഭാവി കയ്യാലപുറത്തായത്. ഇരുവരും ചാമ്പ്യൻസ് ട്രോഫിയിലും നിറം മങ്ങിയാൽ ബിസിസിഐ കടുത്ത തീരുമാനങ്ങളിലേക്ക് പോകും.
മുംബൈയിൽ ബിസിസിഐ പ്രസിഡന്റ് റോജൻ ബിന്നി, ജോ. സെക്രട്ടറി ദേവജിത് സൈക്കിയ,വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, പരിശീലകൻ ഗംഭീർ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അഗാർക്കർ എന്നിവർ പങ്കെടുത്ത മീറ്റിംഗിൽ ക്യാപ്റ്റൻ രോഹിത്തും എത്തിയിരുന്നു. രണ്ടുമണിക്കൂറോളം തുടർന്ന ചർച്ചയിൽ ഇന്ത്യയുടെ തോൽവികൾ വിലയിരുത്തി.
നല്ലൊരു ബാറ്റിംഗ് നിരയുണ്ടായിട്ടും ടീമിന്റെ പ്രകടനം മോശമാകുന്നത് എന്തെന്ന ചോദ്യമുയർന്നു. ഇതിന്റെ കാരണം കണ്ടെത്തി എങ്ങനെ പരിഹരിക്കണമെന്ന ചർച്ചകളും നടന്നു. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷമാകും പല നിർണായക തീരുമാനങ്ങളും കൈകൊള്ളുക. ന്യൂസിലൻഡിനെതിരെ നാട്ടിൽ തോറ്റതിൽ വിശദീകരണവും തേടിയിട്ടുണ്ട്. മുതിർന്ന താരങ്ങൾ ഫോം വീണ്ടെടുക്കാൻ ആഭ്യന്തര ക്രിക്കറ്റ് നിർബന്ധമായും കളിക്കണമെന്ന നിർദേശവും ഉയർന്നു.