നിർമിതബുദ്ധി ലോകത്തിന് തന്നെ വിനാശകരമാണെന്ന് കരുതുന്നവരുണ്ട്. സാങ്കേതികവിദ്യയും എഐ ചാറ്റ്ബോട്ടുകളും റോബോട്ടുകളും മനുഷ്യന്റെ തൊഴിൽ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കാൻ കാരണമാകുമെന്നും മറ്റുമുള്ള ചർച്ചകളും വാഗ്വാദങ്ങളും ചൂടുപിടിച്ച് നടക്കുന്നതിനിടിയിൽ ആരോഗ്യമേഖലയിൽ നിർമിത ബുദ്ധിയുടെ പങ്ക് വ്യക്തമാക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഡോക്ടർമാർക്ക് കണ്ടെത്താൻ കഴിയാതിരുന്ന ഒടിവ് ഇലോൺ മസ്കിന്റെ ചാറ്റ്ബോട്ടായ ഗ്രോക്കിന് കണ്ടെത്താൻ കഴിഞ്ഞുവെന്ന അവകാശവാദവുമായി കെയ് എന്ന അമ്മ രംഗത്ത് വന്നതാണ് ചർച്ചകൾക്ക് തിരി കൊളുത്തിയത്. കൈയ്‌ക്ക് സംഭവിച്ച ഒടിവാണ് ചാറ്റ്ബോട്ട് കണ്ടെത്തിയിരിക്കുന്നത്.
വലിയൊരു കാർപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ് കെയ്‍യുടെ മകൾ. പിന്നാലെ മകൾക്ക് സ്ഥിരമായി കൈ വേദന അനുഭവപ്പെട്ടിരുന്നു. എക്സ്‍റേ എടുത്തിട്ടും പരിശോധനകൾ നടത്തിയിട്ടും കൈയ്‌ക്ക് ഒടിവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതുകയായിരുന്നു. വളരുന്ന പ്രായത്തിൽ വേദന സ്വഭാവികമാണെന്ന മറുപടിയും ഡോക്ടർമാരിൽ നിന്ന് ലഭിച്ചു.
എന്നാൽ മകളുടെ ആരോഗ്യം ദിനംപ്രതി കുറഞ്ഞു വന്നു. കയ്യിലെ നീർക്കെട്ടും, തള്ളവിരലിന്റെ ചലനവും നഷ്ടപ്പെട്ടതോടെ കെയ് വിഷമത്തിലായി. ഇതിന് പിന്നാലെയാണ് ഗ്രോക്ക് എഐ ചാറ്റ്ബോട്ടിലേക്ക് തിരിഞ്ഞത്. എക്സ്‍റേകൾ എഐ ചാറ്റ്ബോട്ടിന് അയച്ചുനൽകി ചോദ്യങ്ങൾ ചോദിച്ചു. ഡിസ്റ്റൽ റേഡിയസിൽ ഒടിവുണ്ടെന്ന മറുപടിയാണ് ചാറ്റ്ബോട്ട് നൽകിയത്.
ചാറ്റ്ബോട്ട് നൽകിയ വിവരങ്ങളുമായി മകളെ വീണ്ടും ഡോക്ടർമാർക്ക് മുൻപിലെത്തിച്ചു. വീണ്ടും പരിശോധനയ്‌ക്ക് വിധേയമാക്കി, കൈയ്‌ക്ക് ഒടിവുണ്ടെന്ന് സ്ഥിരീകരിച്ചു. കൃത്യമായ സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ശസ്ത്രക്രിയ വരെ ആവശ്യമായി വരുമെന്ന മുന്നറിയിപ്പും പരിശോധിച്ച ഡോക്ടർ നൽകി. അങ്ങനെ എഐ ചാറ്റ്ബോട്ട് രോഗം നിർണയം വരെ നടത്തി അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
True story: @Grok diagnosed my daughter’s broken wrist last week.
One of my daughters was in a bad car accident last weekend. Car is totaled but she walked away. Everyone involved did, thankfully. It was a best case outcome for a serious, multi-vehicle freeway collision.… pic.twitter.com/fRNh81WX0N
— AJ Kay (@AJKayWriter) January 11, 2025
കുട്ടിയുടെ മാതാവ് സംഭവം വിവരിച്ച് എക്സിൽ പോസ്റ്റിട്ടിരുന്നു. സമ്മിശ്ര പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത്. അതിശയിപ്പിക്കുന്നതിനൊപ്പം തന്നെ ഇത് ഭയപ്പെടുത്തുന്നുവെന്നാണ് ഒരാൾ കുറിച്ചത്. ഡോക്ടർമാർ മനുഷ്യന്മാരാണെന്നും അതിാനൽ തെറ്റുകൾ സഹജമാണെന്നും മറ്റൊരാൾ കുറിച്ചു. മറ്റു ചിലാരകട്ടെ സംശയവും പ്രകടിപ്പിച്ചു. ഏറെ സങ്കീർണമായ ആരോഗ്യമേഖലയിൽ എഐയുടെ കണ്ടെത്തലുകളെ എങ്ങനെ വിശ്വസിക്കുമെന്നാണ് ഇക്കൂട്ടരുടെ ആശങ്ക.