ചെന്നൈ: സ്കൂളിലെ ശുചിമുറി വിദ്യാർത്ഥിനിയെക്കൊണ്ട് കഴുകിപ്പിച്ച സംഭവത്തിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ. തമിഴ്നാട്ടിലെ സർക്കാർ സ്കൂളിലായിരുന്നു സംഭവം. വിദ്യാർത്ഥിനി ശുചിമുറി വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കുകയായിരുന്നു. തമിഴ്നാട്ടിലെ പലക്കോട് സ്ഥിതിചെയ്യുന്ന സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ ഇവിടെയുണ്ട്. ഗോത്രസമൂഹങ്ങളിൽ നിന്നുള്ള 150ഓളം കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത്.
സ്കൂളിലെ വിദ്യാർത്ഥികളെ നിരന്തരം പണിയെടുപ്പിക്കാറുണ്ടെന്ന് മാതാപിതാക്കളും ആരോപിച്ചു. കുട്ടികൾ സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തുന്നത് വളരെ ക്ഷീണിതരായാണ്. ശൗചാലയങ്ങൾ വൃത്തിയാക്കുക, വെള്ളം കോരിയെത്തിക്കുക, ക്ലാസ്മുറികളും മറ്റിടങ്ങളും ശുചിയാക്കുക ഇതെല്ലാം കുട്ടികളുടെ ജോലിയാണ്. ഇതെല്ലാം ചെയ്തതിന് ശേഷമാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയെത്താറുള്ളതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.
ചൂലും ബ്രഷുമെടുത്ത് ശുചിമുറി വൃത്തിയാക്കുന്ന വിദ്യാർത്ഥിനിയുടെ വീഡിയോ വൈറലായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് സ്കൂളിനെതിരെ നടപടിയെടുത്തത്. പ്രിൻസിപ്പലിനെ ഉടൻ തന്നെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.















