ന്യൂഡൽഹി: അതിർത്തി മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ പാലിക്കണമെന്ന് ബംഗ്ലാദേശിനോട് ഇന്ത്യ. ബംഗ്ലാദേശ് അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കള്ളക്കടത്തും ലഹരികടത്തും വർദ്ധിക്കുന്നതായി ബിഎസ്എഫ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി മൊഹമ്മദ് ജാഷിം ഉദ്ദിനുമായി ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മ ധാക്കയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിലപാട് അറിയിച്ചത്. എന്നാൽ അതിർത്തിയിൽ അഞ്ചിടങ്ങളിലായി ഇന്ത്യ വേലി നിർമിക്കുന്നത് ശ്രദ്ധയിൽപെട്ടതായും ഇത് ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമാണെന്നുമാണ് ബംഗ്ലാദേശിന്റെ വാദം.
കൂടിക്കാഴ്ച 30 മിനിറ്റ് നീണ്ടു നിന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണകൾ പാലിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും കുറ്റകൃത്യങ്ങൾ നേരിടുന്നതിൽ ബംഗ്ലാദേശിൽ നിന്ന് സഹകരണം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രണയ് വർമ്മ പ്രതികരിച്ചു. കുറ്റകൃത്യ വിമുക്തമായ അതിർത്തിയെന്ന ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ലഹരിക്കടത്തും മനുഷ്യക്കടത്തുമുൾപ്പെടെ നടത്താൻ ബംഗ്ലാദേശ് അതിർത്തിയിൽ നീക്കം സജീവമാകുന്നതായും ക്രിമിനലുകൾ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനും നീക്കങ്ങൾ സജീവമാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അതിർത്തി സംരക്ഷണത്തിൽ ജാഗ്രത പാലിക്കണമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ്. ഷെയ്ഖ് ഹസീന സർക്കാരിന്റെ കാലത്ത് ഇരുരാജ്യങ്ങളും അതിർത്തിയിൽ പൂർണമായ സമാധാനം ഉറപ്പ് വരുത്തിയിരുന്നു.