ലക്‌നൗ: മഹാകുംഭമേളയ്‌ക്കായി പ്രയാഗ് രാജിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്ക് തുടങ്ങി. കുംഭമേളയിലെ പുണ്യസ്‌നാനങ്ങളിലൊന്നായ പൗഷ് പൂർണിമ സ്‌നാനത്തിൽ പങ്കെടുക്കാനായി പതിനായിരങ്ങളാണ് പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പുലർച്ചെ മൂടൽമഞ്ഞിനെയും അവഗണിച്ച് ഭക്തർ സ്‌നാനഘട്ടങ്ങളിലേക്ക് എത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തിലെ പുണ്യസ്‌നാനത്തിനായി വലിയ തിരക്കാണ് ദൃശ്യമാകുന്നത്. മഹാകുംഭനഗറിലെ വിവിധ സ്‌നാനഘട്ടുകളിലായി ആദ്യദിനങ്ങളിൽ തന്നെ രണ്ട് കോടി ജനങ്ങൾ പുണ്യസ്‌നാനത്തിന്റെ സുകൃതം നുകരുമെന്നാണ് വിലയിരുത്തൽ.
മകരവിളക്ക് ദിനമായ ജനുവരി 14 ന് മകരസംക്രാന്തി 29 ന് മൗനി അമാവാസി, ഫെബ്രുവരി 3 ന് വസന്ത പഞ്ചമി, 12 ന് മാഘപൂർണിമ, 26 ന് മഹാശിവരാത്രി എന്നീ പുണ്യദിനങ്ങളിലും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. 45 കോടി ഭക്തർ ഇക്കുറി എത്തുമെന്നാണ് ഉത്തർപ്രദേശ് സർക്കാരിന്റെ വിലയിരുത്തൽ. ഫെബ്രുവരി 26 ന് മഹാശിവരാത്രി സ്‌നാനത്തോടെയാണ് 45 ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന മഹോത്സവം സമാപിക്കുക.
എൻഡിആർഎഫും യുപി പൊലീസും മറ്റ് അർദ്ധ സൈനിക വിഭാഗങ്ങളും ഉൾപ്പെടെ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകരെ നിയന്ത്രിക്കാനും നിർദ്ദേശങ്ങൾ നൽകാനും വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മൂടൽമഞ്ഞുണ്ടെങ്കിലും മഴയ്‌ക്ക് സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥാ പ്രവചനമെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെയും കനത്ത മൂടൽമഞ്ഞ് ദൃശ്യമായിരുന്നെങ്കിലും 9 മണിയോടെ മഞ്ഞ് നീങ്ങി അന്തരീക്ഷം തെളിഞ്ഞിരുന്നു.















