ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലെന്ന് വിശേഷിപ്പിക്കുന്ന മഹാകുംഭമേളയ്‌ക്ക് പ്രയാഗ് രാജിൽ തുടക്കമായിരിക്കുയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തരുടെ പ്രവാഹത്തിനാണ് ഉത്തർപ്രദേശ് സാക്ഷ്യം വഹിക്കുന്നത്. വരുന്ന 45 ദിവസം 45 കോടിയാളുകൾ ത്രിവേണി സംഗമഭൂമി സന്ദർശിക്കുമെന്നാണ് വിലയിരുത്തൽ. കോടിക്കണക്കിന് ഭക്തരെ വരവേൽക്കാൻ പരിപൂർണ സജ്ജമാണ് യോഗി സർക്കാരും. മഹാകുംഭമേളയിൽ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താനും ഭരണകൂടം മറന്നില്ല. കുംഭമേളയുടെ ആകാശദൃശ്യം ആസ്വദിക്കാൻ ഹെലികോപ്റ്റർ ടൂറിസവും പ്രയാഗ് രാജിലുണ്ട്.
വെറും 1,296 രൂപയ്‌ക്ക് ഹെലികോപ്റ്ററിൽ കയറി കുംഭമേള നടക്കുന്ന പ്രദേശമെല്ലാം കണ്ടുവരാൻ സാധിക്കുന്ന ബജറ്റ് ടൂറിസം പദ്ധതിയാണിത്. ഇതിനായി ഉത്തർപ്രദേശ് സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് ഹെലികോപ്റ്റർ ബുക്ക് ചെയ്യേണ്ടത്. യാത്ര ചെയ്യാൻ താത്പര്യപ്പെടുന്ന സമയവും തീയതിയും തിരഞ്ഞെടുത്ത ശേഷം ഓൺലൈനായി പേയ്‌മെൻ്റ് നടത്താം.
പ്രയാഗ് രാജിലെ നിയുക്ത ഹെലിപാഡുകളിൽ നിന്നാണ് സവാരികൾ തുടങ്ങുക. കുംഭമേളയുടെ തിരക്കേറിയ ദിവസങ്ങളിൽ ആവശ്യക്കാർ കൂടുതലായിരിക്കുമെന്നതിനാൽ ബുക്കിംഗ് വെബ്സൈറ്റ് വഴി ഹെലികോപ്റ്റർ റൈഡിന്റെ ഷെഡ്യൂളുകളും ലഭ്യതയും പരിശോധിക്കാവുന്നതാണ്.
കുംഭമേള നടക്കുന്ന പ്രദേശങ്ങൾ, വിവിധ സ്നാനഘട്ടുകൾ, എന്നിവയെല്ലാം ആകാശത്തുനിന്ന് വീക്ഷിക്കാൻ ഹെലികോപ്റ്റർ സവാരിയിലൂടെ സാധിക്കും. കുറഞ്ഞ ടിക്കറ്റ് നിരക്കായതിനാൽ ഡിമാൻഡും കൂടുതലായിരിക്കും. അതിനാൽ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം സ്ലോട്ട് ഉറപ്പാക്കുക.