തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ കോടികളുടെ അഴിമതി നടന്നുവെന്ന എസ്എഫ്ഐഒ കണ്ടെത്തൽ ഗുരുതരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. മകളുടെ കമ്പനിക്കെതിരായ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുടരുന്ന മൗനം ഇനിയെങ്കിലും വെടിയണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. കരിമണൽ കമ്പനി എക്സാലോജിക്ക് 185 കോടിയുടെ ഇടപാട് നടത്തിയെന്നത് ഗുരുതരമായ കണ്ടെത്തലാണ്. പ്രതിപക്ഷവും സിപിഎമ്മും ചേർന്ന് വൻ അഴിമതിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏത് സേവനത്തിനാണ് വീണാ വിജയന് കരിമണൽ കമ്പനി, കോടികൾ നൽകിയതെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയെക്കുറിച്ച് ഗുരുതരമായ വിവരങ്ങൾ പുറത്തുവന്നിട്ടും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മിണ്ടാട്ടം ഇല്ലെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി. കോടികളുടെ അഴിമതിയിൽ ഭരണ-പ്രതിപക്ഷം നടത്തുന്ന ഒത്തുകളിയാണ് കേരളം കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു.
മാസപ്പടി വാർത്ത വന്ന ദിവസം നിയമസഭയിൽ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഓടിപ്പോയത് കേരളം മറന്നിട്ടില്ല. വരുന്ന സമ്മേളനത്തിലും ഈ നാടകങ്ങളാണോ കാണാൻ പോകുന്നത് എന്നും വി.മുരളീധരൻ ചോദിച്ചു. കോൺഗ്രസിലെ ഏതെങ്കിലും ഒരു പ്രതിപക്ഷ നേതാവ് ഈ വിഷയം സഭയിൽ ഉന്നയിക്കുമോയെന്നും വി മുരളീധരൻ പരിഹസിച്ചു.
മാസപ്പടി കേസിനെ ഇത്രയും വരെയെത്തിച്ചത് ബിജെപി നേതാവ് ഷോൺ ജോർജ് നടത്തിയ പോരാട്ടമാണ്. പിണറായിയേയും മകളേയും രക്ഷിക്കാൻ വിജിലൻസിൽ പരാതി കൊടുത്ത മാത്യു കുഴൽനാടനെപ്പോലെയല്ല ഷോൺ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.