ന്യൂഡൽഹി: ആപ്പിൾ ഐഫോൺ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യം. കഴിഞ്ഞ വർഷം ഒരു ലക്ഷം കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യ കയറ്റി അയച്ചത്. 2023-നെ അപേക്ഷിച്ച് 40 ശതമാനത്തിലധികമാണ് വളർച്ച. ഒപ്പം ആപ്പിളിന്റെ ആഭ്യന്തര ഉത്പാദനം ഏകദേശം 46 ശതമാനമായി ഉയരുകയും ചെയ്തു. ഐഫോണുകളിൽ 65 ശതമാനം യുഎസ്, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കാണ് അയച്ചത്. കയറ്റുമതിയോടൊപ്പം ആഭ്യന്തര വിപണിയിലും ആപ്പിൾ നേട്ടം കൊയ്തു. ഇന്ത്യയിലെ വിപണി വിഹിതം രണ്ട് ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി ഉയർന്നു.
ഫോക്‌സ്‌കോൺ, പെഗാട്രോൺ, ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്‌ട്രോൺ എന്നിവയാണ് ആപ്പിളിന് വേണ്ടി ഐഫോൺ നിർമിക്കുന്നത്. ഇവർക്കെല്ലാം പിഎൽഐ പദ്ധതിയിലൂടെ ഇൻസെൻ്റീവ് ലഭിക്കുന്നുണ്ട്. മൊത്തം ഉൽപ്പാദനത്തിന്റെ 68 ശതമാനവും ഫോക്‌സ്‌കോണിന്റേതാണ്. വിസ്‌ട്രോൺ 18 ശതമാനവും പെഗാട്രോൺ 14 ശതമാനവും സംഭാവന ചെയ്യുന്നു.
ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കിയ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) സ്കീമാണ് സ്മാർട്ട്ഫോൺ രംഗത്തെ നേട്ടത്തിന് കാരണമായത്. നിലവിൽ ലോകത്തെ മൊബൈൽ ഉൽപ്പാദനത്തിൽ ചൈനയ്‌ക്ക് പിന്നാലെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മുൻപ് ചൈന കേന്ദ്രീകരിച്ച് പ്രൊഡക്ഷൻ യൂണിറ്റുകളുണ്ടായിരുന്ന ആപ്പിൾ അടക്കമുള്ള കമ്പനികൾ ഇന്ത്യയിലേക്ക് ചുവടുമാറ്റിയതും കുതിച്ച് ചാട്ടത്തിന് വഴിവെച്ചു. 2022 ഏപ്രിൽ മാസത്തിലാണ് പിഎൽഐ സ്കീം കേന്ദ്രം അവതരിപ്പിക്കുന്നത്. ആഭ്യന്ത ഉത്പാദനം വർദ്ധിപ്പിച്ച് ഇറക്കുമതി കുറയ്‌ക്കുകയായിരുന്നു പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം















