2019 ഏകദിന ലോകകപ്പിൽ നിന്ന് അംബാട്ടി റായുഡുവിനെ ഒഴിവാക്കിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. താരത്തെ ഒഴിവാക്കി ത്രീ ഡൈമൻഷൻ പ്ലേയർ എന്ന പേരിൽ വിജയ് ശങ്കറെ ടീമിലെടുത്തു. എന്നാൽ ശങ്കർ അപ്പാടെ പരാജയമായിരുന്നു. 2019ലൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ നാലാം നമ്പറിലേക്ക് സ്ഥാനം ഉറപ്പിച്ചിരുന്ന താരമായിരുന്നു റായുഡു.
ലോകകപ്പ് ടീം സെലക്ഷന് ഒരു മാസം മുമ്പ് ക്യാപ്റ്റനായിരുന്ന വിരാട് കോലിയും ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ റായുഡുവിന് പകരം വിജയ് ശങ്കറാണ് ടീമിലെത്തിയത്. തൊട്ടുപിന്നാലെ വിമർശനം ഉയർത്തി റായുഡു 33-ാം വയസിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. വിരമിക്കൽ പിൻവലിച്ച് ഐപിഎല്ലിൽ തിരിച്ചെത്തിയെങ്കിലും ഇന്ത്യക്കായി കളിക്കാൻ റായുഡുവിനായിരുന്നില്ല. ആരാണ് റായുഡുവിനെ ഒഴിവാക്കിയതെന്ന് പറയുകയാണ് മുൻതാരം റോബിൻ ഉത്തപ്പ.
വിരാട് കോലിക്ക് ആരെയെങ്കിലും ഇഷ്ടമായില്ലെങ്കിൽ അല്ലെങ്കിൽ ഒരാൾ നല്ലതാണെന്ന് തോന്നിയില്ലെങ്കിൽ അയാളെ ഒഴിവാക്കിയിരിക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അംബാട്ടി റായുഡു. എല്ലാവർക്കും മുൻഗണനകളുണ്ടാകും ഞാൻ സമ്മതിക്കുന്നു. എന്നാൽ ഒരു കളിക്കാരനെ വക്കോളമെത്തിച്ചിട്ട് അകത്ത് കടത്താതെ വാതിലടയ്ക്കുന്നത് ശരിയല്ല. റായുഡുവിന് ലോകകപ്പ് ജഴ്സിയും കിറ്റും വീട്ടിൽ എത്തിയിരുന്നു. ലോകകപ്പ് കളിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാൾക്ക് മുന്നിൽ നിങ്ങൾ പെട്ടെന്ന് വാതിലുകൾ കൊട്ടിയടയ്ക്കുന്നു. എന്നെ സംബന്ധിച്ച് അത് ഒരിക്കലും ന്യായമല്ല—-ലല്ലൻ ടോപ്പിന് നൽകിയ അഭിമുഖത്തിൽ ഉത്തപ്പ വെളിപ്പെടുത്തിയത്.