വിജയ് ഹസാരെ ട്രോഫിയിൽ ചരിത്രം കുറിച്ച് ബാറ്റർ കരുൺ നായർ. വിദർഭ ക്യാപ്റ്റനായ കരുൺ ടൂർണമെന്റിൽ 5 സെഞ്ച്വറികൾ നേടിയാണ് നാരായൺ ജഗദീശന്റെ റെക്കോർഡിനൊപ്പമെത്തിയത്. 2022-23 സീസണിലാണ് ജഗദീശൻ അഞ്ച് സെഞ്ച്വറികൾ നേടിയത്. 2016 ൽ അരങ്ങേറ്റ പരമ്പരയിൽ തന്നെ ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടും ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് തഴഞ്ഞ കരുൺ നായർ തിരികെ ദേശീയ ടീമിലെത്തുക എന്ന ലക്ഷ്യത്തിനായി തീവ്ര പരിശ്രമത്തിലാണ്.
വിജയ് ഹസാരെ ട്രോഫിയിൽ ആറ് കളികളിൽ നിന്നായി താരം 664 റൺസാണ് അടിച്ച് കൂട്ടിയത്. 122 * (108), 44 * (52), 163 *(107), 111* (103), 112 (101),122 *(82 ) എന്നിങ്ങനെയാണ് സ്‌കോറുകൾ. ജമ്മു കശ്മീരിനെതിരെ മിന്നും സെഞ്ച്വറിയോടെ ടൂർണമെൻ്റ് ആരംഭിച്ച കരുൺ ചണ്ഡീഗഡ്, തമിഴ്‌നാട്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ ടീമുകൾക്കെതിരെയും സെഞ്ച്വറി നേടി. 33-കാരനായ താരം ടൂർണമെൻ്റിൽ ആറ് ഇന്നിംഗ്‌സുകളിൽ ഒരു തവണ മാത്രമാണ് പുറത്തായത്. മാത്രമല്ല വിദർഭയെ സെമി ഫൈനലിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.
2017 ൽ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു കരുണിന്റെ അവസാന ടെസ്റ്റ് മത്സരം. 2016 ൽ മൊഹാലിയിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ഈ പരമ്പരയിലെ അവസാന ടെസ്റ്റിൽ നേടിയ 303 റൺസ് കരുണിന്റെ ദേശീയ ടീമിലെ സ്ഥാനം ഉറപ്പാക്കുമെന്ന് പലരും വിശ്വസിച്ചു. വീരേന്ദർ സെവാഗിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായിരുന്നു കരുൺ നായർ. എന്നാൽ 2017 ഫെബ്രുവരിയിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ അജിങ്ക്യ രഹാനെ ടീമിലേക്ക് മടങ്ങിയതോടെ കാരുണിനെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. പിന്നീട് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ ടീമിലിടം നേടിയെങ്കിലും ഈ അവസരം മുതലാക്കാൻ താരത്തിനായില്ല.
Leave a Comment