ചെന്നൈ: യുവ ചെസ് താരങ്ങൾക്കൊപ്പം പൊങ്കൽ ആഘോഷിച്ച് ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ്. ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്, സഹ താരങ്ങളായ പ്രജ്ഞാനന്ദ, വിദിത് ഗുജറാത്തി എന്നിവരാണ് കഴിഞ്ഞദിവസം ആനന്ദിന്റെ വീട്ടിലൊരുക്കിയ ആഘോഷങ്ങളിൽ പങ്കെടുത്തത്. തമിഴ് മാസമായ തൈ-ൽ ആരംഭിക്കുന്ന പൊങ്കൽ തമിഴ്നാട്ടിൽ പുതിയ തുടക്കങ്ങളുടെ പ്രതീകമായി ആഘോഷിക്കപ്പെടുന്നു.
താരങ്ങൾ പരമ്പരാഗത വസ്ത്രമായ മുണ്ടും ഷർട്ടും ധരിച്ച് വേട്ടയ്യനിലെ അടിപൊളി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ആദ്യം മടിച്ചു നിന്ന ശിഷ്യന്മാർ ആനന്ദ് ചുവടുവച്ചതോടെ ആവേശത്തോടെ ഒപ്പം ചേരുന്നത് വീഡിയോയിൽ കാണാം.
View this post on Instagram
വളർന്നുവരുന്ന ചെസ് പ്രതിഭകളെ പരിശീലിപ്പിക്കുന്നതിനായി ആനന്ദ് നേതൃത്വം നൽകുന്ന ‘വെസ്റ്റ്ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമി’യിലെ (WACA) ആദ്യ ഗ്രൂപ്പിൽ ഉൾപ്പെട്ടവരാണ് ഗുകേഷും പ്രജ്ഞാനന്ദയും. അതേസമയം, ലോക ചാമ്പ്യൻഷിപ്പ് നേടിയതിന് പിന്നാലെ ഖേൽരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങാനൊരുങ്ങുകയാണ് ഗുകേഷ്. തന്റെ കരിയറിലെ സുപ്രധാന വിജയത്തിന് ശേഷം, ഇപ്പോൾ പുതിയ വെല്ലുവിളിക്ക് തയാറെടുക്കുകയാണ് താരം. മെയ് 26 ന് ആരംഭിക്കുന്ന നോർവെ ചെസിൽ ഗുകേഷ് പങ്കെടുക്കും. നിലവിലെ ലോക ഒന്നാം നമ്പർ താരവും അഞ്ച് തവണ ലോക ചെസ് ചാമ്പ്യനുമായ നോർവേയുടെ മാഗ്നസ് കാൾസണുമായാണ് മത്സരം.