ലോസ് എഞ്ചൽസ്: കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ആളിപ്പടർന്ന കാട്ടുതീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പതിനായിരക്കണക്കിന് കെട്ടിടങ്ങളും ആഡംബര മാളികകളും കത്തിയെരിയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ലോകം സാക്ഷ്യംവഹിച്ചത്. കൂടുതൽ സ്ഥലത്തേക്ക് തീ പടർന്നതോടെ കാട്ടുതീ അണയ്‌ക്കുന്നതിൽ പേരെടുത്ത സൂപ്പർ സ്‌കൂപ്പർ വിമാനങ്ങളുടെ സേവനം കൂടുതലായി വിനിയോഗിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.
കാട്ടുതീ പോലുള്ള വലിയ ദുരന്തങ്ങൾ നേരിടുന്നതിനായി പ്രത്യേകം നിർമിച്ചവയാണ് കാനേഡിയൻ സിഎൽ 415 സൂപ്പർ സ്‌കൂപ്പർ വിമാനം. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുപൊങ്ങാനും കഴിയുന്ന ആംഫിബിയസ് വിമാനങ്ങളെയാണ് സൂപ്പർ സ്‌കൂപ്പറുകൾ എന്ന് വിളിക്കുന്നത്. 16,000 ഗാലൺ വെള്ളം വരെ സംഭരിക്കാൻ ഇവയ്‌ക്ക് ശേഷിയുണ്ട്. ഹെലികോപ്ടറുകളെക്കാളും എയർ ടാങ്കറുകളെക്കാളും ഫലപ്രദമാണ് സൂപ്പർ സ്‌കൂപ്പർ വിമാനങ്ങൾ
തീ പടരുന്ന പ്രദേശങ്ങളിലേക്ക് വാട്ടർ ബോംബ് പോലെ ജലവർഷം നടത്താൻ ഈ വിമാനങ്ങൾക്കാകും. സാധാരണ വിമാനങ്ങൾ അവയുടെ ബക്കറ്റുകളിൽ വെള്ളം തളിക്കുകയാണ് ചെയ്യുന്നത്. എന്നാൽ തീപിടുത്തം ഉണ്ടായ സ്ഥലങ്ങളിൽ 150, 200 മീറ്റർ ഉയരത്തിൽ ടാങ്കിൽ നിന്ന് വെള്ളം നേരെ താഴേക്ക് സ്‌പ്രെഡ് ചെയ്യാൻ സൂപ്പർ സ്‌കൂപ്പർ വിമാനങ്ങൾക്കാകും. ബക്കറ്റുകളിൽ വെള്ളം ഒഴിക്കുന്നതിന്റെ ഇരട്ടി ഫലമാണ് ഇതുണ്ടാക്കുക.
ജലോപരിതലത്തിൽ പറന്നിറങ്ങാനും വെള്ളത്തിന് മുകളിൽ തെന്നി നീങ്ങി 12 സെക്കൻഡുകൾ കൊണ്ട് 1600 ഗാലൻ വെള്ളം ടാങ്കിലേക്ക് നിറയ്‌ക്കാനും ഈ വിമാനങ്ങൾക്ക് സാധിക്കും. ജലോപരിതലത്തിൽ 100 മുതൽ 160 കിലോമീറ്റർ വേഗത്തിലും ഇവയ്‌ക്ക് നീങ്ങാനാകും. വായുവിൽ 350 കിലോമീറ്റർ വരെയാണ് വേഗത.
രണ്ട് കനേഡിയൻ സൂപ്പർ സ്‌കൂപ്പർ വിമാനങ്ങളാണ് ലോസ് ഏഞ്ചൽസിനുള്ളത്. എന്നാൽ നിലവിൽ ഇതിൽ ഒന്ന് മാത്രമാണ് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത്. ഒരെണ്ണം രക്ഷാപ്രവർത്തനത്തിനിടെ ഡ്രോൺ ഇടിച്ച് തകരാറിലാണ്. ഇതിന്റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞാലുടൻ രക്ഷാപ്രവർത്തനത്തിന് വീണ്ടും ഉപയോഗിക്കും.
ലോസ് ഏഞ്ചൽസിലുണ്ടായ കാട്ടുതീയിൽ ഇതുവരെ 24 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 16 പേരെ കാണാനില്ലെന്നാണ് വിവരം. കഴിഞ്ഞ ഏഴ് ദിവസമായി പടർന്നുപിടിക്കുന്ന കാട്ടുതീയിൽ 12,000 കെട്ടിടങ്ങളാണ് കത്തി ചാമ്പലായത്. കഴിഞ്ഞ ദിവസമാണ് ലോസ് ഏഞ്ചൽസിൽ കാട്ടു തീ പടർന്നു പിടിക്കാൻ തുടങ്ങിയത്. ഒന്നര ലക്ഷത്തോളം ആളുകളെയാണ് സ്ഥലത്ത്് നിന്നും ഒഴിപ്പിച്ചത്.