ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയം തുടർന്ന് ബ്ലാസ്റ്റേഴ്സ്. ഒഡീഷ എഫിസിയെ ആവേശ പോരിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് തകർത്തത്. നോഹ സദൂയിയാണ് കൊമ്പന്മാരുടെ വിജയ ഗോൾ നേടി വിലപ്പെട്ട മൂന്ന് പോയിന്റും സമ്മാനിച്ചത്. എട്ടാം സ്ഥാനത്ത് കയറാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. മത്സരം തുടങ്ങി നാലാം മിനിട്ടിൽ തന്നെ ഒഡീഷ കേരളത്തെ ഞെട്ടിച്ചു. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവ് മുതലെടുത്ത ജെറി സച്ചിനെ കാഴ്ചക്കാരനാക്കി പന്ത് കാെമ്പന്മാരുടെ വലയിലെത്തു. ഇതോടെ ഒഡീഷയുടെ ആത്മവിശ്വാസവും വർദ്ധിച്ചു.
മറുപടി ഗോളിനായി ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി മുഴുവൻ വിയർത്ത് കളിച്ചെങ്കിലും ഒഡീഷയുടെ പ്രതിരോധം അതിനനുവദിച്ചില്ല. നല്ലൊരു ഗോളവസരം പോലും കൊമ്പന്മാർക്ക് സൃഷിടിക്കാൻ സാധിച്ചില്ല. എന്നാൽ രണ്ടാം പകുതിയിൽ കളിമാറി. ചടുലമായി മുന്നേറിയ ബ്ലാസ്റ്റേഴ്സിന് അതിന്റെ ഫലം കിട്ടിയത് 60-ാം മിനിട്ടിലായിരുന്നു കുറോ സിംഗിന്റെ പാസിൽ പെപ്രയാണ് കൊമ്പന്മാർക്ക് സമനില സമ്മാനിച്ചത്.
73-ാം മിനിട്ടിൽ സൂപ്പർ സബ്ബായി മൈതാനത്ത് ഇറങ്ങിയ ജീസസ് ജിമിനസ് ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. നോഹയുടെ അസിസ്റ്റിലാണ് ജിമിനസ് വലകുലുക്കിയത്. എന്നാൽ 80-ാം മിനിട്ടിൽ ഒഡീഷ സമനില പിടിച്ചു. ഇതോടെ മത്സരം സമനിലയിലേക്ക് കടക്കുമെന്ന തോന്നലുണ്ടായി. എന്നാൽ അതുമാറ്റിയത് നോഹ സദൂയിയായിരുന്നു 95-ാം മിനിട്ടിൽ ഉഗ്രനൊരു സ്ട്രൈക്കിൽ മൂന്നാം ഗോളും കൊമ്പന്മാർക്ക് വിജയവും സമ്മാനിക്കുകയായിരുന്നു താരം. 20 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.