ന്യൂഡൽഹി: സംക്രാന്തി ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാന ബിജെപി പ്രസിഡന്റ് ജി കിഷൻ റെഡ്ഡിയുടെ ഡൽഹിയിലെ വസതിയിലായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ തെലുങ്ക് നടൻ ചിരഞ്ജീവിയും ബാഡ്മിന്റൺ താരം പിവി സിന്ധുവും ചടങ്ങിനെത്തിയിരുന്നു.
നിരവധി കേന്ദ്രമന്ത്രിമാർ, ലോക്സഭാ സ്പീക്കർ ഓം ബിർല എന്നിവരും ആഘോഷങ്ങളിൽ പങ്കെടുത്തു. . പ്രധാനമന്ത്രിക്കൊപ്പമെത്തി വിളക്ക് കൊളുത്തുന്ന ചിരഞ്ജീവിയുടെ ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ട വീഡിയോയിലുണ്ട്. തുടർന്ന്, ആരതി, പൂജ, തുടങ്ങിയ പരമ്പരാഗത ആചാരങ്ങളിൽ മോദി പങ്കെടുത്തു. ഗായിക സുനിതയുടെ പാട്ടും ക്ലാസിക്കൽ നൃത്ത പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
“എന്റെ സഹപ്രവർത്തകൻ ശ്രീ ജി. കിഷൻ റെഡ്ഡി ഗാരുവിന്റെ വസതിയിൽ നടന്ന സംക്രാന്തി, പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്തു. മികച്ചൊരു സാംസ്കാരിക പരിപാടിക്കും സാക്ഷ്യം വഹിച്ചു,” എക്‌സിലെ പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു. രാജ്യത്തുടനീളമുള്ള ആളുകൾ സംക്രാന്തിയും പൊങ്കലും വളരെ ആവേശത്തോടെ ആഘോഷിക്കുന്നു. നമ്മുടെ സംസ്കാരത്തിലും കാർഷിക പാരമ്പര്യങ്ങളിലും ആഴത്തിൽ വേരൂന്നിയ സമൃദ്ധിയുടെ ആഘോഷമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനുശേഷം ഡൽഹിയിലെ നരെയ്‌നയിൽ നടന്ന ലോഹ്രി ആഘോഷങ്ങളിലും മോദി പങ്കെടുത്തു. പല പ്രദേശങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്ന സംക്രാന്തി ഉത്സവം ചിലയിടങ്ങളിൽ വിളവെടുപ്പിന്റെ ആഘോഷം കൂടിയാണ്. തമിഴ്‌നാട്ടിലെ പൊങ്കൽ ആഘോഷങ്ങൾ നാളെ മുതൽ ജനുവരി 14 വരെ നീണ്ടു നിൽക്കും. പഞ്ചാബിലും ഗുജറാത്തിലും കേരളത്തിലുമെല്ലാം വ്യത്യസ്ത പേരുകളിൽ ഈ ആഘോഷങ്ങൾ നടക്കാറുണ്ട്.
#WATCH | Prime Minister Narendra Modi participates in #Pongal celebrations at the residence of Union Minister G Kishan Reddy, in Delhi.
Ace badminton player PV Sindhu and actor Chiranjeevi also attend the celebrations here.
(Video: DD News) pic.twitter.com/T7yj7LpeIG
— ANI (@ANI) January 13, 2025