ഭുവനേശ്വർ: രാജ്യത്തെ ജനങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രം സർക്കാർ ആരംഭിച്ച ആയുഷ്‌മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY) പദ്ധതിയുടെ ഗുണങ്ങൾ ഒഡിഷയിലെ ജനങ്ങളിലേക്കും. ഇത് സംബന്ധിച്ച് നാഷണൽ ഹെൽത്ത് അതോറിറ്റിയുമായി ഒഡിഷ സർക്കാർ ധാരണപത്രത്തിൽ ഒപ്പുവച്ചു. ഒഡിഷയിലെ ജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കുന്ന ഗോപബന്ധു ജൻ ആരോഗ്യ യോജനയുമായി (ജിജെഎവൈ) സംയോജിപ്പിച്ചാണ് പിഎംജെഎവൈ നടപ്പിലാക്കുക.
സംയുക്ത സംരംഭം ഓരോ കുടുംബത്തിനും പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയും വനിതകൾക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷയും ലഭിക്കും. ഒഡിഷയിലെ 10.3 ദശലക്ഷം കുടുംബങ്ങൾക്ക് സംയുക്ത പദ്ധതിയുടെ ഗുണങ്ങൾ ലഭിക്കും. ഇവരിൽ 6.78 ദശലക്ഷം പേർക്ക് കേന്ദ്രപദ്ധതിയുടെ ഗുണങ്ങളും ലഭിക്കും. ഒറ്റ കാർഡ് ഉപയോഗിച്ച് സംസ്ഥാനത്തെ 45 ദശലക്ഷത്തോളം ആളുകൾക്ക് ഗുണങ്ങൾ ലഭിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആശ, അങ്കണവാടി പ്രവർത്തകർക്കർക്കും പദ്ധതിയുടെ ഗുണങ്ങൾ ലഭിക്കും.
2018-ലാണ് AB-PMJAY പദ്ധതി ആരംഭിക്കുന്നത്. രാജ്യത്തെ 123.4 ദശലക്ഷം കുടുംബങ്ങളിലെ 550 ദശലക്ഷം പേർക്കാണ് പദ്ധതിയുടെ ഗുണങ്ങൾ ലഭിക്കുന്നത്. ചികിത്സയ്‌ക്ക് പ്രതിവർഷം അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ആയുഷ്‌മാൻ ഭാരത്.
അടുത്തിടെ 70 കഴിഞ്ഞ എല്ലാവരെയും പദ്ധതിയിൽ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു. കുടുംബത്തിന്റെ വാർഷിക വരുമാനം പരിഗണിക്കാതെ വയോജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. നിലവിൽ ഇൻഷുറൻസ് ഉള്ള കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും.