ന്യൂഡൽഹി: കോടിക്കണക്കിന് പേർ ഒത്തുചേരുന്ന മഹാകുംഭമേളയ്‌ക്കായി റെയിൽവേ മൂന്ന് വർഷം മുൻപേ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. പ്രയാഗ്രാജിന് സമീപത്തുള്ള റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനായി 5,000 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
നേരത്തെ 40 ലക്ഷം പേരെയാണ് ഈ റെയിൽവേ സ്റ്റേഷനുകളിൽ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഇന്ന് ഒരു കോടി പേരെ വരെ ഉൾക്കൊള്ളാനാകും. പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുന്നതിന് മുന്നോടിയായി ഹോൾഡിംഗ് ഏരിയകൾ സജ്ജമാക്കാൻ സാധിച്ചതായും അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഭക്തർക്ക് പ്രയാഗ്രാജിലേക്ക് എത്തിച്ചേരാനായി 3,000 സ്‌പെഷ്യൽ ട്രെയിനുകൾ ഉൾപ്പടെ 13,000 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. മോദി സർക്കാരിന് കീഴിൽ റെയിൽവേ വികസിക്കുകയാണെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നേരത്തെ 96 കോടി രൂപയായിരുന്നവെങ്കിൽ ബജറ്റിൽ റെയിൽവേയുടെ വിഹിതം 582 കോടി രൂപ വരെയായി.
10 വർഷം മുൻപ് ഡൽഹിക്ക് റെയിൽവേ വികസനത്തിനായി 96 കോടി രൂപ വകയിരുത്തിയിരുന്നു. ഇന്ന് ബജറ്റ് വിഹിതം 582 കോടിയാണ്, അതായത് 27 ശതമാനത്തിന്റെ വർദ്ധന. ഡൽഹിയിലെ മാത്രം കാര്യമെടുത്താൽ 13 സ്റ്റേഷനുകളാണ് വികസനത്തിന്റെ പാതയിലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.