‘കുംഭമേളയും ഐഐടിയും’ തമ്മിലെന്ത് ബന്ധം? അതറിയണമെങ്കിൽ  ‘IIT ബാബ’യെ അറിയണം..

Published by
Janam Web Desk

പ്രയാ​ഗ്‌രാജിലെ ത്രിവേണി സം​ഗമത്തിലെ പുണ്യ സ്നാനത്തിനായി കോടിക്കണക്കിന് പേരാണ് ഒഴുകിയെത്തുന്നത്. കുംഭമേളയിലെ ചിത്രങ്ങളും വിവരങ്ങളുമൊക്കെ സാധാരണക്കാരിലേക്ക് വരെ എത്തുന്നുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ കുതിപ്പാണ് ഇതിലൂടെ പ്രകടമാകുന്നത്. മഹാകുംഭമേളയെ കുറിച്ചുള്ള വിവരങ്ങൾ തത്സമയം നമ്മുടെ മൊബൈൽ ഫോണിലും എത്തുന്നുണ്ടാകും. പലതും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. അത്തരത്തിൽ തരം​ഗമാകുന്നൊരാളാണ് മഹാകുംഭമേളയിലെ ‘IIT ബാബ’.

ഐഐടിയും കുംഭമേളയും തമ്മിലെന്താണ് ബന്ധമെന്ന് വരെ ചിന്തിച്ചേക്കാം. അഭയ് സിം​ഗ് എന്ന സന്ന്യാസിവര്യനെയാണ് ഐഐടി ബാബ എന്നു വിളിക്കുന്നത്. ഐഐടി ബോംബൈയിലെ പൂർവവിദ്യാർത്ഥിയാണ് മഹാകുംഭമേളയുടെ ആദ്യദിനത്തിൽ പ്രയാ​ഗ്‌രാജിലെത്തിയ അഭയ് സിം​ഗ്. എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ പഠനം പൂർത്തിയാക്കിയെങ്കിലും ശാസ്ത്രത്തിൽ നിന്ന് വ്യതിചലിച്ച് ആത്മീയത പാത തെരഞ്ഞെടുക്കുകയായിരുന്നു.

ഹരിയാന സ്വദേശിയാണ് അഭയ് സിം​ഗ്. ഐഐടിയിലെ ബിരുദ പഠനത്തിന് ശേഷം ഡിസൈനിൽ ബിരുദാനന്തരം ബിരുംദം കരസ്ഥമാക്കി. പിന്നീട് ഫോട്ടോ​ഗ്രഫി മേഖലയിലേക്ക് തിരഞ്ഞു, പിന്നീട് ആത്മീയ വഴിയിലേക്കും. അറിവിനെ പിന്തുടർന്നാൽ ഇവിടെ എത്തിച്ചേരുമെന്നും മഹാകുംഭമേളയിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു. എഞ്ചിനീയറിം​ഗ് പഠന കാലത്ത് തന്നെ ജീവിതത്തിന്റെ അന്തഃസത്ത മനസിലാക്കുന്നതിനായി പോസ്റ്റ് മോഡേണിസം, സൊക്രട്ടീസ്, പ്ലേറ്റോ എന്നിവരുടെ തത്ത്വചിന്ത പുസ്തകങ്ങൾ വായിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭയ് സിം​ഗ് പ്രതികരിച്ചത്. അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പണത്തിന് പകരം അറിവിനെ പിന്തുടരുന്ന സിം​ഗ് മാതൃകയാണെന്ന് പലരും പ്രശംസിച്ചു.

Share
Leave a Comment