അമരാവതി: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ സ്വർണം മോഷ്ടിച്ച സംഭവത്തിൽ കരാർ ജീവനക്കാരൻ പിടിയിൽ. വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ജീവനക്കാരൻ പിടിയിലായത്. ഭക്തർ വഴിപാടായി നൽകിയതിൽ നിന്നാണ് ജീവനക്കാരൻ സ്വർണം കവർന്നത്. ക്ഷേത്രത്തിലെ വഴിപാട് തരംതിരിക്കുന്നതിന് വേണ്ടി ജോലി ചെയ്യുന്ന വീരിഷെട്ടി പെഞ്ചലയ്യയാണ് പിടിയിലായത്.
വഴിപാടുകൾ തരംതിരിക്കുന്നതിനിടെയായിരുന്നു മോഷണം. 46 ലക്ഷം രൂപ വിലമതിക്കുന്ന 655 ഗ്രാം സ്വർണവും 157 ഗ്രാം വെള്ളിയുമാണ് ജീവനക്കാരൻ കവർന്നത്. ദേവസ്വത്തിന്റെ സ്റ്റോറേജ് മുറിയിൽ നിന്നാണ് സ്വർണം കൈക്കലാക്കിയത്. വിജിലൻസ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
കഴിഞ്ഞ ശനിയാഴ്ച സ്റ്റോറേജ് മുറിയിൽ നിന്ന് 100 ഗ്രാം തൂക്കമുള്ള സ്വർണ ബിസ്ക്കറ്റ് ഇയാൾ മോഷ്ടിച്ചിരുന്നു. ക്ഷേത്രത്തിൽ നിന്ന് കടത്താൻ ശ്രമിക്കവെ വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് 655 ഗ്രാം സ്വർണവും 157 ഗ്രാം വെള്ളിയും മോഷ്ടിച്ച വിവരം വ്യക്തമായത്.
കഴിഞ്ഞ രണ്ട് വർഷമായി ക്ഷേത്രത്തിലെ വഴിപാടുകൾ തിട്ടപ്പെടുത്തുകയും ക്രമീകരിക്കുകയും ചെയ്യുന്ന സംഘത്തിൽ ഇയാളും ഉൾപ്പെട്ടിരുന്നു. ക്ഷേത്രത്തിലെ സംഭവനപ്പെട്ടിയായ ശ്രീവരി ഹുണ്ടിയിൽ വിശ്വാസികൾ അർപ്പിക്കുന്ന സ്വർണം, വെള്ളി ഉൾപ്പെടെയുള്ള വഴിപാടുകളും പണവും എണ്ണിത്തിട്ടപ്പെടുത്തുകയും തരംതിരിക്കുകയും ചെയ്യുന്ന ജോലിയാണ് സംഘം ചെയ്തിരുന്നത്. ഈ അവസരം മുതലെടുക്കുകയായിരുന്നു പ്രതി.