ഹെൽമറ്റ് ഇല്ലെങ്കിൽ‌ പെട്രോളുമില്ല; ജനുവരി 26 മുതൽ പെട്രോൾ പമ്പിലും പിടിവീഴും; ജാ​ഗ്രത

Published by
Janam Web Desk

ലക്നൗ: ഇരുചക്ര വാഹനാപകടങ്ങൾ കുറയ്‌ക്കുന്നത് ലക്ഷ്യമിട്ട് പുത്തൻ പദ്ധതി ആവിഷ്കരിക്കാൻ ലക്നൗ. ഇരുചക്ര വാഹനക്കാർക്ക് ഇന്ധനം കിട്ടണമെങ്കിൽ പമ്പുകളിലെത്തുമ്പോഴും ഹെൽമറ്റ് നിർബന്ധമാക്കി. ലക്നൗ ജില്ല മജിസ്‌ട്രേറ്റ് സൂര്യപാൽ ​ഗാം​ഗ്‍വാർ ‘നോ ഹെൽമറ്റ്, നോ ഫ്യൂവൽ’ നയം നടപ്പിലാക്കാൻ നിർദ്ദേശം നൽകി. ജനുവരി 26 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക.

ഇനി മുതൽ ഹെൽമറ്റ് ധരിക്കാതെ എത്തിയാൽ പെട്രോൾ നൽ‌കരുതെന്ന് പെട്രോൾ പമ്പുകൾക്ക് നിർദ്ദേശം നൽകിയതായി ഡിഎം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പെട്രോൾ പമ്പ് ഓപ്പറേറ്റർമാർക്ക് ഇത് സംബന്ധിച്ച് സൈൻബോർഡുകൾ സ്ഥാപിക്കാൻ ഏഴ് ദിവസം സമയം നൽകിയിട്ടുണ്ട്.

റോഡ് സുരക്ഷയെ കുറിച്ച് അവബോധം വളർത്താനും വാഹാനപകടങ്ങൾ കുറയ്‌ക്കുകയുമാണ് ഉത്തർ പ്രദേശ് സർക്കാർ ലക്ഷ്യമിടുന്നത്. നിരീക്ഷണമേർപ്പെടുന്നതിന് പമ്പിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്. 2022-ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത് 36,875 റോഡ് അപകടങ്ങളാണ്. ഇതിൽ 24,109 പേർ മരിച്ചു. 21,696 പേർക്ക് പരിക്കേറ്റു.

Share
Leave a Comment