തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻസ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സമാധി തുറക്കാനുള്ള കളക്ടറുടെ ഉത്തരവ് ഇന്നുണ്ടാകുമെന്നാണ് വിവരം. കളക്ടറുടെ ഉത്തരവ് ഉണ്ടായാൽ പൊലീസ് സംരക്ഷണത്തോട് കൂടി സമാധി തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
അച്ഛൻ സ്വമേധയ സമാധിയായതാണെന്നും ഹൈന്ദവ ആചാരപ്രകാരം സമാധി തുറക്കാൻ കഴിയില്ലെന്ന വാദവുമായാണ് ഗോപൻസ്വാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കുക. സമാധി പൊളിക്കുന്നത് സംബന്ധിച്ച് ആർഡിഒയോ കളക്ടറോ നോട്ടീസ് നൽകണമെന്ന് കുടുംബം ആരോപിച്ചിരുന്നു.
തിങ്കളാഴ്ച സമാധിസ്ഥലം തുറക്കാൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും കുടുംബത്തിന്റെ എതിർപ്പും പിന്നാലെയുണ്ടായ സംഘർഷാവസ്ഥയും കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതിയന്നൂർ, ആറാലുംമൂട്, കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപൻസ്വാമിയെ കാണ്മാനില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഗോപൻസ്വാമി സമാധിയായെന്ന കുടുംബത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണം ശക്തമാക്കിയത്.