തൈപ്പൊങ്കൽ മഹോത്സവത്തിന്റെ ഭാഗമായി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യാൻ ഒരുമിച്ചെത്തി നടനും സംവിധായകനുമായ ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും. സ്വന്തം നാടായ കണ്ടനാട് നടന്ന കൊയ്ത്തുത്സവത്തിലാണ് ഇരുവരും മുഖ്യാതിഥികളായി എത്തിയത്. കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തതിന് ശേഷം പാടത്തിറങ്ങി കൊയ്യുന്ന ധ്യാൻ ശ്രീനിവാസന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.
കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തിയ എല്ലാവർക്കുമിടയിൽ ചിരിപ്പൂരം പടർത്തുന്ന ഇരുവരുടെയും പ്രസംഗവും വൈറലാകുന്നുണ്ട്. വർഷങ്ങളായി താൻ എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം കാണുന്ന പാടമാണ് ഇതെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. “ഒരു പണിയും ഇല്ലാതിരുന്ന സമയത്ത് എന്നും മുറിയിലെ ജനൽ തുറന്നാൽ ഞാൻ ആദ്യം കാണുന്നത് ഈ പാടമാണ്. ഞാൻ മാത്രമേ ഉണ്ടാവുകയുള്ളൂ സ്ഥിരമായി ഈ പാടം കാണുന്നത്. ഇതുവരെ അതിഥിയായെന്നും വിളിച്ചിട്ടില്ല. ഇവരുടെയൊക്കെ കാലശേഷം ഞാനായിരിക്കും ഇത് നടത്തിക്കൊണ്ട് പോകുന്നത്. അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും” ധ്യാൻ പറഞ്ഞു. ധ്യാനിന്റെ വാക്കുകൾ വേദിയിൽ ഉണ്ടായിരുന്നവർക്കിടയിൽ ചിരിപടർത്തി.
താൻ എല്ലാ വർഷവും കൊയ്ത്തുത്സവത്തിൽ പങ്കെടുത്ത് സംസാരിക്കാറുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും പറഞ്ഞാണ് ശ്രീനിവാസൻ പ്രസംഗം ആരംഭിച്ചത്. “ഞാൻ സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് എന്റെ മകനും പറയുന്നത്. കാഴ്ചയിൽ എന്റെ മകനാണെങ്കിലും ആ തോന്നൽ എനിക്കില്ല”. ഇത് കേട്ടതും ആളുകൾ ചിരിക്കാൻ തുടങ്ങിയിരുന്നു.
“എനിക്ക് കുട്ടിക്കാലം മുതൽ സ്പോർട്സിനോട് ഇഷ്ടമായിരുന്നു. പ്രശസ്ത ഹോക്കി താരത്തിന്റെ പേരാണ് എന്റെ മൂത്തമകനിട്ടത്. വിനീത് കുമാറിന്റെ കുമാർ മാറ്റി വിനീത് എന്ന് പേരിട്ടത് അങ്ങനെയാണ്. ഇന്ത്യയിലെ ഹോക്കി മാന്ത്രികൻ എന്നറിയപ്പെട്ടിരുന്ന താരമാണ് ധ്യാൻ ചന്ദ്. അങ്ങനെയാണ് രണ്ടാമത്തെ മകന് ധ്യാനെന്ന് പേരിട്ടത്. ഇവൻ എന്ത് മാന്ത്രികമാണ് കാണിക്കുന്നതെന്ന് തനിക്കറിയില്ലെന്നും” ശ്രീനിവാസൻ പറഞ്ഞു. അച്ഛന്റെയും മകന്റെയും വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുകയാണ് ആളുകൾ. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വലിയ തോതിൽ പ്രചരിക്കുകയാണ്.