തുടർച്ചയായ പരമ്പര തോൽവികൾക്ക് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ ഇന്ത്യൻ ടീമിനെതിരെ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കാനൊരുങ്ങി ബിസിസിഐ. ഇനിമുതൽ കളിക്കിടെ താരങ്ങൾ കുടുംബാംഗങ്ങളുമായി ചിലവഴിക്കുന്ന സമയം നിയന്ത്രിക്കുമെന്നാണ് സൂചന. ഓസ്‌ട്രേലിയൻ പരമ്പരയ്‌ക്ക് ശേഷം രോഹിത് ശർമ്മ, ഗൗതം ഗംഭീർ എന്നിവരുമായി ബിസിസിഐ അടുത്തിടെ ചർച്ചകൾ നടത്തിയിരുന്നു. ഇതിലാണ് പുതിയ നിയന്ത്രണങ്ങൾ നിർദ്ദേശിച്ചത്.
ഇതുവരെയുള്ള വിദേശപര്യടനങ്ങൾ അടക്കമുള്ള മത്സരങ്ങളിൽ താരങ്ങളുടെ കുടുംബത്തിന് പ്രത്യേകിച്ച് ഭാര്യമാർക്ക് ഇവർക്കൊപ്പം യാത്ര ചെയ്യാനും താമസിക്കാനുമുള്ള സ്വാതന്ത്ര്യം ബോർഡ് നൽകിയിരുന്നു. എന്നാൽ ഇത് താരങ്ങളുടെ പ്രകടനത്തെ മോശമായി ബാധിച്ചുവെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ. അതിനാൽ ഒരുമാസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പര്യടനങ്ങളിൽ രണ്ട് ആഴ്ചയ്‌ക്കപ്പുറം ഭാര്യമാരെയും കാമുകിമാരെയും കളിക്കാർക്കൊപ്പം യാത്രചെയ്യാൻ അനുവദിക്കേണ്ടതില്ലെന്നാണ് ബോർഡിന്റെ തീരുമാനം. പരമ്പരയിലെ മത്സരങ്ങളുടെ എണ്ണം കുറവാണെങ്കിൽ ഇത് 7 ദിവസമായി കുറച്ചേക്കും.
മാത്രമല്ല ടീം ബസുകളിൽ താരങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. ഇനിമുതൽ വിമാനയാത്രകളിൽ കളിക്കാരുടെ ലഗേജ് 150 കിലോയിൽ കൂടുതലാണെങ്കിൽ അധിക നിരക്കുകൾ ബിസിസിഐ വഹിക്കില്ല, കളിക്കാർ പണം നൽകേണ്ടിവരും. ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ പേഴ്‌സണൽ മാനേജർക്ക് വിഐപി ബോക്‌സിൽ ഇരിക്കാനോ ടീം ബസിൽ യാത്ര ചെയ്യാനോ അനുവാദമില്ല. വേറെ ഹോട്ടലിൽ താമസിക്കേണ്ടിവരും.
ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ വിരാട് കോലിയും ജസ്പ്രീത് ബുമ്രയും തങ്ങളുടെ കുടുംബങ്ങൾക്കൊപ്പം യാത്രം ചെയ്തതും മാറി താമസിച്ചതുമെല്ലാം ടീമിലെ ഐക്യത്തിന് വിള്ളൽ വീഴ്‌ത്തിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. മാത്രമല്ല പെർത്തിലെ ചരിത്ര വിജയം ആഘോഷിക്കാതെ കളിക്കാർ കുടുംബങ്ങൾക്കൊപ്പം സമയം ചെലവഴിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.