രാജ്കോട്ട്: അയർലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീം അയർലൻഡിനെ 302 റൺസിന് തകർത്തു. രാജ്‌കോട്ടിൽ നടന്ന മൂന്നാം ഏകദിനത്തിൽ 435/5 എന്ന റെക്കോർഡ് ടോട്ടൽ ഉയർത്തിയാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്. പ്രതികാ റാവലിന്റെയും ക്യാപ്റ്റൻ സ്‌മൃതി മന്ദാനയുടെയും സെഞ്ച്വറികളാണ് നിർണായകമായത്. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ടീം സ്കോറാണിത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന് ഇന്ത്യയുടെ ബൗളർമാർ ഒരുഘട്ടത്തിലും വിജയപ്രതീക്ഷ നൽകിയില്ല. 41 (44) റൺസ് നേടി ഓപ്പണർ ഫോബ്‌സ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 31.4 ഓവറിൽ 131 റൺസിന് അയർലൻഡ് ഓൾഔട്ടായി. ഇന്ത്യക്കായി തനൂജ തനൂജ കൻവർ രണ്ടും ദീപ്തി ശർമ്മ മൂന്നും വിക്കറ്റുകൾ വീഴ്‌ത്തി. മലയാളി താരം മിന്നുമണി ഒരുവിക്കറ്റ് നേടി. പ്രതികയാണ് കളിയിലെയും പരമ്പരയിലെയും താരം. 3 മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറിയുമുൾപ്പെടെ 310 റൺസാണ് പ്രതിക നേടിയത്.















