മാർക്കോ വിജയത്തിളക്കത്തിൽ എത്തി നിൽക്കുമ്പോൾ ഉണ്ണി മുകുന്ദനെ പുകഴ്‌ത്തി നടനും സംവിധായകനുമായ അഖിൽ മാരാർ. ഫെയ്സ്ബുക്കിൽ ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അഖിൽ മാരാറിന്റെ കുറിപ്പ്. പരാജയങ്ങളുടെ പടുകുഴുയിൽ നിന്നും ഒറ്റയ്ക്ക് പടവെട്ടി വന്നവൻ എന്നാണ് അഖിൽ മാരാർ ഉണ്ണി മുകുന്ദനെ വിശേഷിപ്പിച്ചത്.
ഉണ്ണി മുകുന്ദനെ ആദ്യമായി നേരിട്ടുകണ്ട നിമിഷത്തെ കുറിച്ച് അഖിൽ മാരാർ പങ്കുവച്ചു. 2014-ലാണ് ഉണ്ണി മുകുന്ദനെ ആദ്യമായി കാണുന്നതെന്നും 10 വർഷം കഴിഞ്ഞതിന് ശേഷം ഇപ്പോൾ കാണുമ്പോൾ പാൻ ഇന്ത്യൻ താരമായി ഉണ്ണി മുകുന്ദൻ മാറിയിരിക്കുകയാണെന്നും അഖിൽ മാരാർ കുറിച്ചു.
“2014-ൽ ഇടപ്പള്ളിയിലെ ഒരു വീടിന്റെ രണ്ടാം നിലയിൽ ആദ്യമായി ഞാൻ ഉണ്ണിയെ കാണുമ്പോൾ ആ വീടിന്റെ ഭിത്തിയിൽ സൂപ്പർ മാനും, ബ്രൂസ് ലിയും, ജാക്കി ചാനും ഒക്കെ ആയിരുന്നു. 10 വർഷം പിന്നിടുമ്പോൾ പാൻ ഇന്ത്യൻ ലെവലിൽ ഹിറ്റ് അടിച്ച ഒരു ചിത്രത്തിന്റെ ആക്ഷൻ ഹീറോ”.
“വീടിന്റെ ഭിത്തിയിൽ അല്ല പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ആക്ഷൻ ഹീറോ ആയി ഉണ്ണി മാറിയിരിക്കുന്നു. കയറ്റവും ഇറക്കവും ആയിരുന്നില്ല ഉണ്ണിയുടെ കരിയർ. പരാജയങ്ങളുടെ പടുകുഴിയിൽ നിന്നും ഒറ്റയ്ക്ക് പടവെട്ടി കയറിവന്റെ ആത്മധൈര്യവും ശുഭാപ്തി വിശ്വാസവും ആണ് ഉണ്ണിയുടെ വിജയം. മുന്നോട്ടുള്ള യാത്രക്ക് എല്ലാവിധ ആശംസകളും”- എന്നായിരുന്നു അഖിലിന്റെ വാക്കുകൾ