തൃശൂർ: ഗുരുവായൂരിൽ ഹോട്ടൽ ഉടമയായ യുവാവ് തുളസിത്തറയിൽ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്ത സംഭവത്തെ ന്യായീകരിച്ച പൊലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ബിജെപി. സംഭവത്തിൽ നഗരസഭയും പൊലീസും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.
സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്ത പാരഡൈസ് ഹോട്ടലിന്റെ ഉടമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹോട്ടലിലേക്കായിരുന്നു ബിജെപിയുടെ മാർച്ച്. വ്യാഴാഴ്ച വൈകിട്ട് ആറരയ്‌ക്ക് ഗുരുവായൂർ ബിജെപി ഓഫീസിൽ നിന്ന് മാർച്ച് നടത്തി.
ഹോട്ടൽ ഉടമയായ അബ്ദുൾ ഹക്കീമിന്റെ പ്രവൃത്തി വീഡിയോ സഹിതം പുറത്തുവന്നിരുന്നു. എന്നാൽ ഈ വീഡിയോ പ്രചരിപ്പിക്കരുതെന്നായിരുന്നു പൊലീസിന്റെ നിർദേശം. ഹക്കീമിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും 25 വർഷമായി ചികിത്സയിലാണെന്നും ചൂണ്ടിക്കാട്ടിയ പൊലീസ്, വീഡിയോ പ്രചരിപ്പിക്കുന്നത് സാമൂഹ്യസ്പർദ്ധയ്‌ക്ക് ഇടയാക്കുമെന്ന് ന്യായീകരിച്ച് വിഷയം ഒതുക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.
മാനസിക വൈകല്യമുള്ള വ്യക്തിക്ക് ഹോട്ടൽ ലൈസൻസ് അനുവദിച്ചത് എങ്ങനെയാണെന്ന് ബിജെപി നേതൃത്വം വിമർശിച്ചു. ലൈസൻസ് അനുവദിച്ച നഗരസഭയുടെ നടപടി വിജിലൻസ് അന്വേഷിക്കണമെന്നും ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും ബിജെപി ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് പറഞ്ഞു.















