തിരുവനന്തപുരം: കേരളത്തെ നടുക്കിയ പാറശാല ഷാരോൺ വധക്കേസിൽ വിധി ഇന്ന്. കാമുകനെ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നതാണ് കേസ്. കേസിൽ ഷാരോണിന്റെ കാമുകിയായിരുന്ന ഗ്രീഷ്മയും അമ്മയും അമ്മാവനുമടക്കം മൂന്ന് പ്രതികൾ. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക.
ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തിയതും ജ്യൂസ് ചലഞ്ച് നടത്തിയതെന്നുമാണ് കേസ്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു.
മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോൾ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദഗ്ധമായി പാരാസെറ്റാമോൾ കലർത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോൺ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ച് വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയത്. 2022 ഒക്ടോബർ 14-നായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യമുണ്ടായ ഷാരോൺ 11 ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങി.
ഗ്രീഷ്മ കഷായം നൽകിയെന്ന് ഷാരോൺ എവിടെയും പറഞ്ഞിട്ടില്ലെന്നും കഷായം സ്വയം കുടിച്ചതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസത്രീയ തെളിവുകളാണ് നിർണായകമായത്. ചോദ്യം ചെയ്യലിൽ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. തെളിവുകൾ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമലകുമാരൻ നായരെയും പ്രതി ചേർത്തു. ഇതിനിടെ കസ്റ്റഡിയിൽ വച്ച് ഗ്രീഷ്മ ആത്മഹത്യക്കും ശ്രമിച്ചിരുന്നു.
2023 ജനുവരിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 15-ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. കേസിൽ 95 സാക്ഷികളെയാണ് വിസ്തരിച്ചത്.















