ന്യൂഡൽഹി: നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ ചെയർമാൻ ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. യുഎപിഎ കേസിന്മേൽ നടപടികൾ പുരോഗമിക്കുന്നതിനാൽ പ്രതിയെ ജാമ്യത്തിൽ വിടാനാകില്ലെന്ന് ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷ്, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു അബൂബക്കറിന്റെ വാദം. നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.
2022-ൽ പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതിന്റെ ഭാഗമായാണ് അബൂബക്കർ അറസ്റ്റിലായത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് ഇ. അബൂബക്കർ. വിവിധ സംസ്ഥാനങ്ങളിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ പിഎഫ്ഐ അംഗങ്ങൾ ഗൂഢാലോചന നടത്തുകയും രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും ഫണ്ട് ശേഖരിച്ചെന്നുമാണ് കേസ്. ഇന്ത്യൻ ഭരണഘടനയ്‌ക്ക് പകരം രാജ്യത്ത് ഇസ്ലാമിക നിയമപ്രകാരമുള്ള ഖിലാഫത്ത് ഭരണം സ്ഥാപിക്കാനായി സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് ആയുധ പരീശിലനവും അബൂബക്കറിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.
അപൂർവ അർബുദ രോഗമായ ‘ഗ്യാസ്ട്രോ ഈസോഫേഷ്യൽ ജംഗ്ഷൻ അഡിനോകാർസിനോമ’ ബാധിതനാണ് താനെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ജാമ്യപേക്ഷ തള്ളിയതോടെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ആരോപണങ്ങൾ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി എൻഐഎയ്‌ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.















