മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസിൽ കസ്റ്റഡിയിലെടുത്തയാൾ പ്രതിയല്ലെന്ന് മുംബൈ പൊലീസ്. നേരത്തെ പ്രതിയെന്ന് സംശയിക്കുന്നയാളെ ബാന്ദ്ര സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാൾക്ക് കേസുമായി ബന്ധമില്ലെന്നാണ് പൊലീസ് ഇപ്പോൾ നൽകുന്ന വിശദീകരണം. കേസുമായി ബന്ധപ്പെട്ട ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കസ്റ്റഡിയിലെടുത്തയാൾ സെയ്‌ഫിന്റെ വീട്ടിൽ ജോലിക്കായെത്തിയ മരപ്പണിക്കാരനാണെന്നാണ് സൂചന. തന്റെ പിതാവിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചതാണെന്നും കഴിഞ്ഞ 10-15 വർഷമായി ജോലി ചെയ്യുന്നവരെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ടെന്നും കസ്റ്റഡിയിലുള്ള വ്യക്തിയുടെ മകൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
പ്രതിയെ അവസാനമായി കണ്ടത് ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപമാണെന്നും ഇയാളെ പിടികൂടാനുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 20 ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. സംഭവത്തിനുശേഷം പ്രതി രാവിലെ ആദ്യത്തെ ലോക്കൽ ട്രെയിനിൽ വസായ് -വിരാറിലേക്ക് പോയെന്നാണ് പൊലീസ് സംശയിക്കുന്നത്. വസായ്, നലസോപാര, വിരാർ മേഖലകളിൽ മുംബൈ പൊലീസ് സംഘം തെരച്ചിൽ നടത്തുന്നുണ്ട്.
അതേസമയം, സംഭവത്തിൽ ഗുണ്ടാ സംഘങ്ങൾക്ക് പങ്കുണ്ടെന്ന വാർത്തകൾ മഹാരാഷ്‌ട്ര ജൂനിയർ ആഭ്യന്തര (നഗര) മന്ത്രി തള്ളിക്കളഞ്ഞു. “ഇത് മോഷണശ്രമമായിരുന്നു, സംഭവത്തിൽ ഗുണ്ടാസംഘങ്ങൾ ഉൾപ്പെട്ടിട്ടില്ല. സെയ്ഫ് അലിഖാന് ഒരിക്കലും സെക്യൂരിറ്റി ആവശ്യപ്പെട്ടിട്ടില്ല. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്,” മന്ത്രി പറഞ്ഞു.















