ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ആത്മീയ സമ്മേളനത്തിന് വേദിയായിരിക്കുകയാണ് പ്രയാഗ് രാജ്. ത്രിവേണി സംഗമ ഭൂമിയിലേക്കെത്തുന്ന ഭക്തജനപ്രവാഹത്തിൽ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുണ്ട്. സന്യാസിമാർ, തീർത്ഥാടകർ, ഭക്തർ, വിശ്വാസികൾ, വിനോദസഞ്ചാരികൾ, അഖാഡകൾ തുടങ്ങി അനവധിയാളുകൾ കുംഭമേളയുടെ പുണ്യം തേടി പ്രയാഗ്രാജിലെത്തുന്നു. ഇതിൽ ചില സന്യാസിമാർ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നവരാണ്.
ആകാരവും ചെല്ലപ്പേരും ജീവിതവുമെല്ലാം വേറിട്ടതായതിനാൽ ആത്മ പ്രേം ഗിരി മഹാരാജ് (Atma Prem Giri Maharaj) എന്ന മസ്കുലാർ ബാബ കുംഭമേളയ്‌ക്കെത്തിയവരുടെ മനംകവരുകയാണ്.
കാഷായവും രുദ്രാക്ഷമാലകളും ധരിച്ച്, മസിൽ പെരുപ്പിച്ച്, ഏഴടിപൊക്കമുള്ളയാൾ. കാഴ്ചയിൽ വേറിട്ട് നിൽക്കുന്നതിനാൽ ഗിരി മഹാരാജിനെ പലരും മസ്കുലാർ ബാബയെന്ന് വിളിക്കുന്നു. പരശുരാമന്റെ ആധുനിക രൂപമായാണ് ചിലർ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലൊന്നായ പരശുരാമന് പോരാളികളിൽ കാണുന്ന സവിശേഷതകളുണ്ടായിരുന്നു. ശക്തികൊണ്ടും ആകാരംകൊണ്ടും സമ്പന്നനായിരുന്നു പരശുരാമൻ എന്ന അവതാര പുരുഷൻ. അതിനാലാണ് ഗിരി മഹാരാജിനെയും പരശുരാമനോട് ചിലർ ഉപമിക്കുന്നത്.
റഷ്യൻ വംശജനായ ഗിരി 30 വർഷം മുൻപായിരുന്നു സനാതന ധർമത്തിൽ ആകൃഷ്ടനാകുന്നത്. അദ്ധ്യാപകനായിരുന്ന ഇദ്ദേഹം പ്രൊഫഷനും കരിയറുമെല്ലാം ഉപേക്ഷിച്ച് ആത്മീയതയിൽ ജീവിതം സമർപ്പിച്ചു. ഹിന്ദുമത പ്രചാരകനായി നേപ്പാളിലാണ് അദ്ദേഹം കഴിയുന്നത്. കൂടാതെ ജുന അഖാരയിലെ അംഗം കൂടിയാണ് അദ്ദേഹം. ആരെയും അതിശയിപ്പിക്കുന്ന ശരീരപ്രകൃതമാണ് മസ്കുലർ ബാബയുടേത് എന്നതിനാൽ ഇദ്ദേഹത്തിന്റെ പല ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ വൈറലുമാണ്.
View this post on Instagram