ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെയും ഇംഗ്ലണ്ട് പരമ്പരയ്‌ക്കുള്ള ഏകദിന ടീമിനെയും നാളെ പ്രഖ്യാപിക്കും. ക്യാപ്റ്റൻ രോഹിത് ശർമയും മുഖ്യ സെലക്ടർ അജിത് അഗാർക്കറും ചേർന്നാകും പ്രഖ്യാപിക്കുക. ഉച്ചയ്‌ക്ക് 12.30നാകും വാർത്തസമ്മേളനം. ഇക്കാര്യം വ്യക്തമാക്കി ബിസിസിഐ ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഫെബ്രുവരി 19നാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്.
ബുമ്ര ടീമിൽ ഇടംപിടിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. താരത്തിനെ പുറത്തേറ്റ പരിക്കുകൾ അലട്ടുന്നുണ്ട്. കുൽദീപ് യാദവിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ആഭ്യന്തര ടൂർണമെന്റിൽ മിന്നും ഫോമിലുള്ള കരുൺ നായരെ പരിഗണിക്കുമോ എന്നതും സർപ്രൈസാകും. വിജയ് ഹസാരെ ട്രോഫിയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് സെഞ്ച്വറിയടക്കം 752 റൺസാണ് താരം ഇതുവരെ നേടിയത്. ശനിയാഴ്ചയാണ് ഫൈനൽ മത്സരം.
വിക്കറ്റ് കീപ്പർമാരുടെ കാര്യത്തിലും സംശയങ്ങൾ നിലനിൽക്കുന്നണ്ട്. കെ.എൽ രാഹുലും ഋഷഭ് പന്തും മുൻനിരയിലുള്ളപ്പോൾ സഞ്ജുവിന്റെ കാര്യം വലിയ വെല്ലുവിളിയാകും. അതേസമയം മധ്യനിരയിൽ ശ്രേയസ് അയ്യർ ഇടം കണ്ടെത്തിയേക്കും. യശസ്വി ജയ്സ്വാളും 15 അംഗ സ്ക്വാഡിൽ ഉൾപ്പെട്ടേക്കുമെന്നാണ് സൂചന.