തിരുവനന്തപുരം: താലൂക്ക് ആശുപത്രിയിൽ നിന്ന് ലഭിച്ച ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. വിശദമായ പരിശോധന നടത്താൻ മൊട്ടുസൂചിയും കാപ്സ്യൂളും ശേഖരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കാപ്സ്യൂളിന്റെ ഗുണമേന്മയിൽ പ്രത്യക്ഷത്തിൽ പ്രശ്നങ്ങളൊന്നുമില്ല. മരുന്ന് നിർമാണ കമ്പനിയിൽ നിന്ന് വിശദീകരണം തേടുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ കാപ്സ്യൂളിലാണ് മൊട്ടുസൂചി കണ്ടത്. മേമല സ്വദേശിനി വസന്തയ്‌ക്ക് ലഭിച്ച മരുന്നിലായിരുന്നു മൊട്ടുസൂചി. ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഗുളിക നൽകിയിരുന്നു. സി-മോക്സ് എന്ന കാപ്സ്യൂളാണ് നൽകിയത്. വീട്ടിലെത്തിയതിന് ശേഷം മരുന്ന് രണ്ടുതവണ കഴിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലും മരുന്ന് കഴിച്ചു. അടുത്ത ഡോസ് കഴിക്കാൻ എടുത്തപ്പോഴാണ് കാപ്സ്യൂളിന് അകത്ത് മരുന്ന് ഇല്ലെന്ന് സംശയം തോന്നിയത്. തുടർന്ന് ഈ കാപ്സ്യൂൾ തുറന്ന് പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് മൊട്ടുസൂചി കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകി.
ആരോഗ്യവകുപ്പ് അധികൃതർ വസന്തയുടെ വീട്ടിലെത്തി പരിശോധന നടത്തി. വസന്തയുടെ മൊഴി രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയത്.















