ന്യൂഡൽഹി: സ്പേസ് ഡോക്കിംഗിന്റെ വീഡിയോ പങ്കുവച്ച് ഇസ്രോ. ഐഎസ്ആർഒയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. വിജയകരമായി പൂർത്തിയാക്കിയ സ്പേസ് ഡോക്കിംഗിന്റെ വീഡിയോ കാത്തിരിക്കുകയായിരുന്നു രാജ്യം. ബഹിരാകാശത്ത് നടന്ന ഡോക്കിംഗിന്റെയും ചരിത്രനേട്ടത്തിനായി ക്ഷമയോടെ നോക്കിയിരിക്കുന്ന ശാസ്ത്രജ്ഞരെയും വീഡിയോയിൽ കാണാം.
സ്പേഡെക്സ് പരീക്ഷണത്തിലെ ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങളുടെ നിയന്ത്രണം പൂർണമായും ഒരു ഉപഗ്രഹം ഏറ്റെടുത്തിരിക്കുകയാണെന്ന് ഇസ്രോ അറിയിച്ചു. ബെംഗളൂരുവിലെ ഐഎസ്‌ആർഒ ട്രാക്കിംഗ് ടെലിമെട്രി ആൻഡ് കമാൻഡ് നെറ്റ്‌വര്‍ക്ക് ആസ്ഥാനത്ത് നിന്ന് ഉപഗ്രഹങ്ങളെ നിരീക്ഷിക്കുകയാണ്.
ISRO successfully completed docking of two SPADEX satellites (SDX-01 & SDX-02) in the early hours of 16 January, 2025.#SPADEX #ISRO pic.twitter.com/UJrWpMLxmh
— ISRO (@isro) January 17, 2025
മൂന്ന് തവണ മാറ്റിവക്കേണ്ട സാഹചര്യമുണ്ടായെങ്കിലും വിശദമായി പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് ഡോക്കിംഗ് നടത്തിയത്. ജനുവരി 16-നാണ് ഡോക്കിംഗ് നടന്നത്. ഇതോടെ ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറി.
2024 ഡിസംബർ 30-നാണ് ചേസർ, ടാർഗറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങൾ ഒരേ സമയം വിക്ഷേപിച്ചത്. 220 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ആദ്യം ജനുവരി ഏഴിനും പിന്നീട് ജനുവരി ഒമ്പതിനും ഡോക്കിംഗ് നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ദൗത്യം മാറ്റിവയ്‌ക്കുകയായിരുന്നു.















