കണ്ണൂർ: പഞ്ചായത്ത് പ്രസിഡന്റിന്റേതുൾപ്പെടെ ഒരു പ്രദേശത്തെയാകെ സ്ത്രീകളുടെ ദൃശ്യങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയിൽ. കണ്ണൂർ വായന്നൂർ സ്വദേശി അഭയ് (20) ആണ് പൊലീസിന്റെ പിടിയിലായത്.
കണ്ണൂരിലെ പേരാവൂർ സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലെ സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റിന്റെയടക്കം ചിത്രങ്ങൾ അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ചതോടെ പ്രതിയെപിടിക്കാൻ നാട്ടുകാർ തന്നെ രംഗത്തിറങ്ങി.
നാട്ടുകാരും സ്ത്രീകളും പേരാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. വയനാട് പടിഞ്ഞാറേത്തറയിൽ നിന്നാണ് അഭയ് പിടിയിലായത്. യുവാവിനെതിരെ മുൻപും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ചിത്രങ്ങൾ മോർഫ് ചെയ്യുന്നതിന് പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷണം നടന്നുവരികയാണ്. ഇയാളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ പൊലീസ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.