കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. പിണറായി വിജയനെ പുകഴ്‌ത്തുന്ന പാട്ട് ‘വൈറലായ’ പശ്ചാത്തലത്തിലാണ് കെ സുധാകരൻ തന്റെ വിമർശനമറിയിച്ചത്. വാഴ്‌ത്തുപാട്ട് കേട്ട് കൈയും വീശി നടക്കുന്ന വഷളനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കേരളത്തിലെ മറ്റേതെങ്കിലും രാഷ്‌ട്രീയനേതാവ് ഇതുപോലെ ചെയ്തിട്ടുണ്ടോയെന്നും സുധാകരൻ ചോദിച്ചു. മക്കൾക്ക് വേണ്ടി കോടാനുകോടി ‘കട്ട്’ ഉണ്ടാക്കുക എന്നതാണ് പിണറായിയുടെ ലക്ഷ്യം. നാടിനും നാട്ടാർക്കും പാർട്ടിക്കാർക്കും വേണ്ടാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.
“ഇടതുപക്ഷത്തിനകത്ത് നാണവും മാനവും ഉളപ്പുമില്ലാത്ത മുഖ്യമന്ത്രിയാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഈ ദിവസങ്ങളിലൊക്കെ കണ്ടില്ലേ, പുകഴ്‌ത്തുപാട്ട് കേട്ട് കൈയും വീശി അണികൾക്കിടയിലൂടെ ആ വഷളൻ നടക്കുന്നത് കണ്ടില്ലേ.. ഇതുപോലെ ഏതെങ്കിലുമൊരു രാഷ്‌ട്രീയ നേതാവ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ? സിപിഎമ്മിലാകട്ടെ, ബിജെപിയിലാകട്ടെ, കോൺഗ്രസിലാകട്ടെ.. ആരെങ്കിലും ഇങ്ങനെ ചെയ്യാറുണ്ടോ? അദ്ദേഹത്തിന് ഉളുപ്പില്ല, നാണമില്ല, മാനവുമില്ല. പണമുണ്ടാക്കുക മാത്രമാണ് ലക്ഷ്യം. മക്കൾക്ക് വേണ്ടി കോടാനുകോടി തുക കട്ടുണ്ടാക്കുകയാണ്. അങ്ങനെ, ഈ നാടിനും നാട്ടാർക്കും പാർട്ടിക്കാർക്കും വേണ്ടാത്ത മുഖ്യമന്ത്രിയാണ് ഈ സംസ്ഥാനം ഭരിക്കുന്നത്.” – കെ. സുധാകരൻ പറഞ്ഞു.















