ന്യൂഡൽഹി: ലൈംഗികാതിക്രമം തെളിയിക്കാൻ ഇരയുടെ ശരീരത്തിൽ ദേഹോപദ്രവത്തിന്റെ പാടുകൾ ഉണ്ടാകണമെന്ന് നിർബന്ധമില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എൻ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം. ലൈംഗികാതിക്രമങ്ങൾ നേരിട്ട ഇരയുടെ ശരീരത്തിൽ പരിക്കുകൾ സംഭവിക്കുമെന്നത് മിഥ്യാധാരണ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
ലൈംഗികമായി ഉപദ്രവിക്കപ്പെടുമ്പോൾ ഇര ബഹളം വെക്കുകയോ ഉറക്കെ കരയുകയോ ചെയ്തിരിക്കണമെന്ന് നിർബന്ധമില്ല. അത്തരം സന്ദർഭങ്ങളിൽ ഇരകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണം ഏകീകൃതമാകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
ട്രോമകളുണ്ടാക്കുന്ന സന്ദർഭങ്ങളോട് എല്ലാ ഇരകളുടെയും പ്രതികരണം ഒരുപോലെയാകില്ല. ഉദാഹരണത്തിന്, മാതാപിതാക്കളുടെ മരണത്തെത്തുടർന്ന് ഒരാൾ പരസ്യമായി കരഞ്ഞേക്കാം, എന്നാൽ ഇതേ സാഹചര്യത്തിലുള്ള മറ്റൊരാൾ തന്റെ വികാരങ്ങൾ പൊതുസ്ഥലത്ത് പ്രകടിപ്പിക്കാതെയും പെരുമാറാം. അതുപോലെ, ലൈംഗികമായി ആക്രമിക്കപ്പെടുന്ന സ്ത്രീയുടെ പ്രതികരണം അവളുടെ വ്യക്തിഗത സവിശേഷതകളുടെ അടിസ്ഥാനത്തിൽ വ്യത്യാസപ്പെടാം. ഇക്കാര്യത്തിൽ ശരിയായ/അനുയോജ്യമായ പ്രതികരണം ചൂണ്ടിക്കാട്ടാൻ സാധിക്കില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ലൈംഗിക അതിക്രമക്കേസിൽ ഇരയുടെ ശരീരത്തിൽ മുറിവുകളോ മറ്റ് പരിക്കുകളോ ഉണ്ടായിരുന്നില്ലെന്ന ഡോക്ടറുടെ നിരീക്ഷണത്തിലാണ് കോടതിയുടെ നിർണായക പരാമർശമുണ്ടായത്.















