തിരുവനന്തപുരം: ഇടതുപക്ഷത്തിൽ നിന്ന് തല്ലിപ്പിരിഞ്ഞ് പോന്നതിന് ശേഷം ഡിഎംകെ എന്ന രാഷ്ട്രീയ കൂട്ടായ്മ രൂപീകരിക്കുകയും ഒടുവിൽ തൃണമൂൽ കോൺഗ്രസിൽ ചേരുകയും ചെയ്ത നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിന്റെ നോട്ടം യുഡിഎഫിലേക്ക് തന്നെ. തൃണമൂൽ കോൺഗ്രസ് കേരളാ ഘടകത്തിന് യുഡിഎഫ് മുന്നണിയുടെ ഭാഗമാകാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് പിവി അൻവർ കത്തയച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും യുഡിഎഫിലെ മറ്റ് ഘടകകക്ഷി നേതാക്കൾക്കുമാണ് അൻവറിന്റെ കത്ത്. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിന്റെ ഘടകകക്ഷിയാക്കണമെന്നാണ് അൻവറിന്റെ പ്രധാന ആവശ്യം.
പത്ത് പേജുള്ള കത്താണ് അൻവർ അയച്ചിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് ഇത് യുഡിഎഫിന് ലഭിച്ചത്. എന്തുകൊണ്ട് എംഎൽഎ സ്ഥാനം രാജിവച്ചുവെന്നും തൃണമൂൽ കോൺഗ്രസിൽ ചേരാനുള്ള രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും വിശദമാക്കുന്ന കത്താണ് അൻവർ കൈമാറിയത്.
ദേശീയ തലത്തിൽ തൃണമൂലും കോൺഗ്രസും പോരുതുടരുന്നതിനാലും അൻവർ ഇരുതലമൂർച്ചയുള്ള വാളാണെന്ന അഭിപ്രായം പൊതുവിലുള്ളതിനാലും യുഡിഎഫിലേക്ക് ചേർക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളാൻ ഘടകകക്ഷി നേതാക്കൾ മടിക്കുമെന്നുറപ്പാണ്. വരുംദിവസങ്ങളിൽ യുഡിഎഫ് നേതൃയോഗമുണ്ടായാൽ അൻവറിനെ മുന്നണിയിലേക്ക് സ്വീകരിക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നേക്കും.















