മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിലെ ഗോകുൽ സുരേഷിന്റെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിൽ വിക്കി എന്ന കഥാപാത്രമായാണ് ഗോകുൽ സുരേഷ് എത്തുന്നത്.
കഥാപാത്രത്തിനെ കുറിച്ചുള്ള വിവരങ്ങൾ എഴുതിയിട്ടുള്ള വ്യത്യസ്തമായ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. “വിക്കി, വയസ്-26, സമയത്ത് വരില്ല, നാടിനോട് പുച്ഛം മാത്രം, ഇവൻ വെറും പുലിയല്ല ഒരു സിംഹം, എനിക്കൊരു ഭീഷണിയല്ല, കൗതുകം കൂടുതലാണ്” – എന്നിങ്ങനെയാണ് പോസ്റ്ററിലുള്ളത്.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാരക്ടർ പോസ്റ്ററും അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിൽ ശ്രദ്ധേയമാവുകയാണ് ഗോകുൽ സുരേഷിന്റെ കാരക്ടർ പോസ്റ്റർ. നിരവധി ആളുകളാണ് ഗോകുലിന് ആശംസകളറിയിച്ച് കമന്റ് ബോക്സിൽ എത്തുന്നത്. ഗോകുൽ സുരേഷിന്റെ തലവര മാറ്റുന്ന ചിത്രമായിരിക്കും ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് എന്നാണ് ചിലർ പറയുന്നത്.
വേറിട്ട രീതിയിൽ പുറത്തുവിട്ട കാരക്ടർ പോസ്റ്ററുകൾ ഇതിനോടകം ശ്രദ്ധനേടുകയാണ്. ഈ മാസം 23-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ തന്റെ കരിയറിൽ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ചിത്രമാണ് ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്.