കോഴിക്കോട്: ജന്മം നൽകിയതിനുള്ള ശിക്ഷ നടപ്പാക്കി..; എന്നാണ് അമ്മയെ വെട്ടിക്കൊന്ന ശേഷം പ്രതി ആഷഖി അലറി വിളിച്ചത്. താമരശ്ശേരിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. രണ്ടുതവണ നേരത്തെയും പ്രതി മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി താമരശ്ശേരി സിഐ വ്യക്തമാക്കി. ലഹരിക്ക് അടിമയായ പ്രതി അമ്മയോട് പതിവായി പണം ആവശ്യപ്പെട്ടിരുന്നു. മാതാവിന്റെ പേരിലുള്ള സ്ഥലം വിറ്റ് പണം നൽകണമെന്നും നിർബന്ധിച്ചിരുന്നു. അമ്മയെ വകവരുത്തുമെന്ന് ചിലരോട് ഇയാൾ പറഞ്ഞിരുതായും പൊലീസ് വ്യക്തമാക്കി.ആശുപത്രിയിൽ എത്തിക്കുമ്പോൾ സുബൈദയുടെ കഴുത്ത് ഏറെക്കുറെ അറ്റ നിലയിലായിരുന്നു.
താമരശ്ശേരി ഇരിങ്ങാപ്പുഴയ്‌ക്ക് സമീപം ചോഴിയോട് ഇന്നലെയാണ് നാടിനെ നടുക്കിയ ക്രൂരകൊലപാതകം നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു സുബൈദയെ അയൽപക്കത്ത് നിന്ന് വാങ്ങിയ കൊടുവാളിനാണ് വെട്ടിക്കൊലപ്പെടുത്തിയത്. തേങ്ങ പൊതിക്കാനെന്ന് പറഞ്ഞാണ് ഇയാൾ ആയുധം വാങ്ങിയത്. കൊലക്ക് ശേഷം വീട്ടിൽ ഒളിച്ചിരുന്ന ആഷിഖിനെ നാട്ടുകാരാണ് പൊലീസിൽ ഏൽപിച്ചത്. ഇതിനിടെ ഇയാൾ വീട്ടിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഒന്നര വയസിൽ പിതാവ് ഉപേക്ഷിച്ച് പോയ ആഷിഖിന് മാതാവ് മാത്രമാണുള്ളത്.















