മുംബൈ: വാങ്കഡെയിൽ നടന്ന വിടവാങ്ങൽ മത്സരത്തിലാണ് അമ്മ ആദ്യമായും അവസാനമായും തന്റെ കളികാണാനെത്തിയതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. അമ്മയ്‌ക്കായി സ്റ്റേഡിയത്തിൽ സീറ്റ് ക്രമീകരിക്കണമെന്ന് ബിസിസിഐയോട് അഭ്യർത്ഥിച്ചിരുന്നതായും താരം വെളിപ്പെടുത്തി. വാങ്കഡെ സ്റ്റേഡിയത്തിന്റെ 50-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെസ്റ്റ് ഇൻഡീസിനെതിരായ സച്ചിന്റെ വിടവാങ്ങൽ ടെസ്റ്റ് മത്സരം വാങ്കഡെയിലാണ് നടന്നത്. വാർഷികാഘോഷ ചടങ്ങിനിടെ സംസാരിച്ച സച്ചിൻ വിൻഡീസിനെതിരായ വിടവാങ്ങൽ ടെസ്റ്റിന്റെ അവസാന ദിനത്തിലെ വൈകാരിക മുഹൂർത്തങ്ങളെക്കുറിച്ച് ഓർത്തു.
“ഞാൻ കളിക്കുന്നത് എന്റെ അമ്മ ഒരിക്കലും കണ്ടിട്ടില്ല. ആ സമയത്ത് (വിടവാങ്ങൽ ടെസ്റ്റിനിടെ) എന്റെ അമ്മയുടെ ആരോഗ്യം മോശമായിരുന്നു. ഞാൻ കളിക്കുന്നത് കാണാൻ അമ്മയ്‌ക്ക് വാങ്കഡെ അല്ലാതെ മറ്റെവിടെയും പോകാനാവുമായിരുന്നില്ല. വിടവാങ്ങൽ ടെസ്റ്റിന് മുന്നോടിയായി ബിസിസിഐയെ വിളിച്ച് വാങ്കഡെ സ്റ്റേഡിയത്തിൽ അമ്മയ്‌ക്ക് കണികാണാനുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. അന്നത്തെ പ്രസിഡന്റ് എൻ ശ്രീനിവാസനാണ് സൗകര്യങ്ങൾ ഒരുക്കി നൽകിയത്,” സച്ചിൻ പറഞ്ഞു.
അവസാന മത്സരം മുംബൈയിൽ ആകണമെന്നത് തന്റെ ആഗ്രഹമായിരുന്നു. ആവശ്യം ബിസിസിഐയെ അറിയിച്ചപ്പോൾ അവർ എതിർത്തില്ല. സ്റ്റേഡിയത്തിൽ അലയൊലി തീർക്കുന്ന ആരാധകരുടെ സച്ചിൻ..സച്ചിൻ വിളികൾ മനസിലെ മായാത്ത ഓർമ്മകളാണെന്നും സച്ചിൻ പറഞ്ഞു. ആദ്യ ദിവസം ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ വെസ്റ്റ് ഇൻഡീസ് താരങ്ങൾ വളരെയധികം ബഹുമാനിച്ചു. വാങ്കഡെയിലെ കാണികൾ തനിക്ക് മികച്ച സ്വീകരണമാണ് നൽകിയതെന്നും സച്ചിൻ പറഞ്ഞു.















