തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. കോട്ടൂർ വടക്കരികം സ്വദേശി അച്ചു (23), പൂവച്ചൽ കുഴയ്‌ക്കാട് സ്വദേശി മഹേഷ് (34), പൂവച്ചൽ ആലമുക്ക് സ്വദേശി ശരത് (23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കാട്ടാക്കട നക്രാംചിറയിലാണ് സംഭവം.
സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെ പരിശോധിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ ശ്രമിച്ചതോടെയാണ് ഇവർ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ നടുവിന് പരിക്കേറ്റ പ്രിവന്‍റീവ് ഓഫീസർ വിപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ആയുധങ്ങൾ കൈവശം വച്ചിരുന്നാൽ പ്രതികളെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. പിടിയിലായ പ്രതികളിൽ നിന്നും 100 ഗ്രാം കഞ്ചാവും ആക്രമിക്കാനുപയോഗിച്ച കത്തിയും കണ്ടെത്തിയാതായി നെയ്യാറ്റിൻകര എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.















