മലപ്പുറം: ബസുകൾ കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. മലപ്പുറം എടപ്പാളിന് സമീപം മാണൂരിലാണ് അപകടമുണ്ടായത്. മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ കോട്ടയ്‌ക്കൽ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലുമായി പ്രവേശിപ്പിച്ചു.
തൃശൂർ-മലപ്പുറം സംസ്ഥാനപാതയിൽ ചൊവ്വാഴ്ച പുലർച്ചെ 2.50നാണ് അപകടമുണ്ടായത്. തൃശൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കാസർകോട് നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിൽ സാരമായ പരിക്കുള്ളവരെയാണ് വിദഗ്ധ ചികിത്സയ്‌ക്കായി മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയത്.















