ന്യൂയോർക്ക്: മെക്സിക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്. യുഎസിന്റെ 47-ാമത് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം അമേരിക്കയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. അനധികൃത കുടിയേറ്റത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു.
രേഖകളില്ലാതെ അമേരിക്കയിൽ തങ്ങുന്ന ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. യുഎസ്-മെക്സിക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് പ്രസിഡന്റ് അറിയിച്ചതോടെ സ്റ്റാൻഡിംഗ് ഒവേഷനും (എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുക) ലഭിച്ചു. നിയമവിരുദ്ധമായ കുടിയേറ്റം തടയാൻ നാടുകടത്തൽ നടപടികൾ വർദ്ധിപ്പിക്കുമെന്നും എക്സിക്യൂട്ടീവ് ഉത്തരവുകൾ ഉടൻ പുറപ്പെടുവിക്കുമെന്നും ട്രംപ് അറിയിച്ചു.
മെക്സിക്കൻ അതിർത്തി വഴി അമേരിക്കയിലേക്ക് അനവധി നിയമവിരുദ്ധ കുടിയേറ്റങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ദശലക്ഷക്കണക്കിന് കുടിയേറ്റക്കാർ ഇത്തരത്തിൽ യുഎസിലേക്ക് പ്രവേശിക്കുകയും വിവിധ സംസ്ഥാനങ്ങളിലായി അഭയം തേടുകയും ചെയ്യുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളിലും അനധികൃത കുടിയേറ്റക്കാർക്ക് വലിയ പങ്കാണുള്ളതെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതിനാൽ ഇവരെ നാടുകടത്തുന്നതിന്റെ ഫലമായി അക്രമസംഭവങ്ങൾ കുറയ്‌ക്കാൻ സാധിക്കുമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ വിലയിരുത്തൽ.
“അന്യഗ്രഹജീവികളായ ക്രിമിനലുകളെ”ന്നാണ് അനധികൃത കുടിയേറ്റക്കാരെ ട്രംപ് വിശേഷിപ്പിച്ചത്. രാജ്യത്തിന് വിനാശകരമായ അധിനിവേശം നടത്തുന്നവരെ ചെറുക്കാൻ അമേരിക്കയുടെ ദക്ഷിണ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്നും യുഎസ് പ്രസിഡന്റ് അറിയിച്ചു.
മെക്സിക്കോയിൽ നിന്ന് അതിർത്തി വഴി അമേരിക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ സമർപ്പിക്കുകയും അംഗീകാരം ലഭിച്ചതിന് ശേഷം മാത്രം പ്രവേശനം സാധ്യമാക്കുകയും ചെയ്യും. ദക്ഷിണ അതിർത്തിയിൽ മതിൽ നിർമിക്കുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചിട്ടുണ്ട്.
അനധികൃത കുടിയേറ്റക്കാരുടെ മക്കൾ അമേരിക്കയിൽ ജനിക്കുമ്പോൾ അവർക്ക് സ്വയമേവ പൗരത്വം ലഭിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാനുള്ള പദ്ധതികളും ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കൻ മണ്ണിൽ ജനിച്ച ആർക്കും പൗരത്വം നൽകുന്ന 14-ാം ഭേദഗതി തിരുത്താനാണ് യുഎസ് പ്രസിഡന്റിന്റെ നീക്കം.















