കോഴിക്കോട്: നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. കോഴിക്കോട് കസബ പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
പോക്സോ കേസിൽ ജയചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മാസങ്ങളായി ഒളിവുജീവിതം നയിക്കുന്ന പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിയാതെ വന്നത് വലിയ വിമർശനങ്ങൾക്കും ഇടയാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കഴിഞ്ഞ വർഷം ജൂൺ എട്ടിനാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് ലഭിച്ച പരാതി പൊലീസിന് കൈമാറുകയായിരുന്നു. എന്നാൽ ഇതിൽ തുടർനടപടി ഉണ്ടായില്ല. അതിനിടെ ജൂലൈ മാസത്തിൽ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.
അറസ്റ്റിന് വിലക്കില്ലാതിരുന്നിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ലൈംഗികാതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ചില സാഹചര്യങ്ങളിൽ പ്രതി ഉടൻ അറസ്റ്റിലാവുകയും മറ്റുചിലപ്പോൾ പ്രതിയെ ഇരുട്ടിൽ തപ്പുന്ന പൊലീസിനെയുമാണ് സംസ്ഥാനത്ത് കാണാൻ കഴിയുന്നതെന്നായിരുന്നു വിമർശനം. ഈ സാഹചര്യത്തിലാണ് കസബ പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്.















