വാഷിംഗ്ടൺ ഡിസി: രണ്ടാം വരവിന്റെ ആദ്യ ദിനം തന്നെ ഉത്തരവുകളുടെ പെരുമഴ തീർത്തിരിക്കുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നിർണായക പ്രഖ്യാപനങ്ങൾ നടത്തുകയും സുപ്രധാനമായ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഉടൻ തന്നെ ഒപ്പുവെക്കുകയും ചെയ്തു. ഒന്നും രണ്ടുമല്ല 28 ഉത്തരവുകളാണ് ഒറ്റയടിക്ക് ട്രംപ് ഒപ്പുവച്ച് പാസാക്കിയത്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ നൽകിയ വാഗ്ദാനങ്ങൾ അടക്കം നിരവധി പ്രഖ്യാപനങ്ങൾ ആദ്യ ദിനം, ആദ്യ മണിക്കൂറിൽ തന്നെ ട്രംപ് പാലിച്ചു. ടിക് ടോക് നിരോധനത്തിന് കാലതാമസം വരുത്തിയത് മുതൽ ലോകാരോഗ്യ സംഘടനയിൽ നിന്ന് പുറത്തുകടന്നതു വരെ നീളുന്നു പുതിയ തീരുമാനങ്ങൾ. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ പല നടപടികളും പിൻവലിച്ച ട്രംപ്, അനധികൃത കുടിയേറ്റത്തിനെതിരെ കർശനമായ നിലപാടെടുത്തു.
ആദ്യ ടേമിൽ ആകെ 220 എക്സിക്യൂട്ടീവ് ഉത്തരവുകളായിരുന്നു ട്രംപ് ഒപ്പുവച്ചത്. എന്നാൽ അതിന് ശേഷം അധികാരമേറ്റ ബൈഡനാകട്ടെ വെറും 160 ഉത്തരവുകളിൽ ഒതുക്കി. രണ്ടാം ടേം ആരംഭിച്ച ട്രംപ്, വാഷിംഗ്ടൺ ഡിസിയിലെ കാപിറ്റൽ വൺ അരീനയിൽ അനുയായികളെ സാക്ഷിനിർത്തി എട്ട് എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ആദ്യം ഒപ്പുവച്ചത്. പിന്നീട് ഓഫീസിലെത്തിയ അദ്ദേഹം ശേഷിക്കുന്ന ഉത്തരവുകളും പാസാക്കി.
സ്ഥാനാരോഹണത്തിന് പിന്നാലെ വന്ന സുപ്രധാന ഉത്തരവുകളും തീരുമാനങ്ങളും:
1. രണ്ട് ലിംഗക്കാർ മാത്രം: ട്രാൻസ്‌ജെൻഡറുകൾക്ക് പ്രത്യേക സംരക്ഷമില്ല. അമേരിക്കയിൽ അംഗീകാരം രണ്ട് ലിംഗക്കാർക്ക് മാത്രം. ആണും പെണ്ണും..
2. പാരീസ് ഉടമ്പടിയിൽ നിന്ന് പുറത്തേക്ക്: പാരീസ് കാലാവസ്ഥാ കരാറിൽ നിന്ന് യുഎസ് ഔദ്യോഗികമായി പിൻവലിഞ്ഞു.
3. ഊർജ അടിയന്തരാവസ്ഥ: ഇലക്ട്രിക് വാഹനം നിർബന്ധമാക്കിയ ബൈഡന്റെ നടപടി പിൻവലിച്ചു. ഫോസിൽ ഇന്ധനങ്ങളുടെ ഡ്രില്ലിംഗിന് പ്രോത്സാഹനം നൽകി ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
4. ഗൾഫ് ഓഫ് അമേരിക്ക: ഗൾഫ് ഓഫ് മെക്സിക്കോയെ “ഗൾഫ് ഓഫ് അമേരിക്ക” എന്ന് പുനർനാമകരണം ചെയ്തു.
5. ഉപഭോക്തൃ നാണയപ്പെരുപ്പം: ഉപഭോക്തൃ പണപ്പെരുപ്പത്തെ ചെറുക്കുന്നതിന് ഫെഡറൽ ഏജൻസികളെ നയിക്കാൻ പ്രതീകാത്മക കരാറിൽ ഒപ്പുവച്ചു.
6. എണ്ണ, പ്രകൃതി വാതക ഉത്പാദനം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ലഘൂകരിക്കാൻ (പ്രത്യേകിച്ച് അലാസ്കയിൽ) ബൈഡൻ സർക്കാർ നടപ്പിലാക്കിയ നിയന്ത്രണങ്ങൾ റദ്ദാക്കി
7. കാനഡ, മെക്‌സിക്കോ താരിഫ്: ഫെബ്രുവരി 1 മുതൽ കാനഡയ്‌ക്കും മെക്‌സിക്കോക്കും 25% താരിഫ് ചുമത്തും. ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും അധിക താരിഫുകൾ.
8. TikTok നിരോധനം താമസിപ്പിക്കൽ: രാജ്യവ്യാപകമായി TikTok നിരോധിക്കുന്ന നിയമം 75 ദിവസത്തേക്ക് നടപ്പാക്കരുതെന്ന് ഉത്തരവിട്ടു.
9. ഡെനാലിക്ക് ഭംഗി പഴയ പേരുതന്നെ: അമേരിക്കയിലെ ഏറ്റവും ഉയരമുള്ള പർവ്വതമായ ഡെനാലിയുടെ പേര് പഴയതുപോലെ “Mount McKinley” എന്നാക്കി.
10. പതാക ഉയർത്തൽ: മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടറുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ താഴ്‌ത്തിക്കെട്ടിയ അമേരിക്കൻ പതാക വരുന്ന എല്ലാ ഉദ്ഘാടന ചടങ്ങുകൾക്കും മുന്നോടിയായി ഉയരത്തിൽ കെട്ടാൻ ഉത്തരവിട്ടു.
11. കർശന നാടുകടത്തൽ നിയമം: ബൈഡൻ സർക്കാരിന്റെ ഇമിഗ്രേഷൻ ഉത്തരവുകളെ പിൻവലിച്ചുകൊണ്ട് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനായി കർശന നിയമം പാസാക്കി. രേഖകളില്ലാത്ത എല്ലാ വ്യക്തികളെയും നാടുകടത്തുന്ന ട്രംപിന്റെ ആദ്യകാല നയം പുനഃസ്ഥാപിച്ചു.
12. ദേശീയ അടിയന്തരാവസ്ഥ: യുഎസ്-മെക്സിക്കോ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ കൂടുതൽ സൈനികരെ വിന്യസിച്ചു.
13. അഭയാർത്ഥി നയം: യുഎസ് വിചാരണയ്‌ക്കായി കാത്തിരിക്കുന്ന അഭയാർത്ഥികൾ മെക്സിക്കോയിൽ തുടരണമെന്ന നയം പുനരാരംഭിക്കുന്നു.
14. ജന്മാവകാശ പൗരത്വം റദ്ദാക്കി: അമേരിക്കയിൽ ജനിക്കുന്ന ആർക്കും പൗരത്വം ലഭിക്കുന്ന നിയമഭേദഗതി തിരുത്തും. ഭരണഘടനാപരമായ മാറ്റങ്ങൾ ഉടൻ വരുത്തും.
15. CBP One ആപ്പ് നിരോധിച്ചു: കുടിയേറ്റക്കാർക്ക് നിയമപരമായ പ്രവേശനം സുഗമമാക്കിയ CBP One ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. ഈ ആപ്പ് വഴി ബൈഡൻ സർക്കാരിന് കീഴിൽ ഏകദേശം 1 ദശലക്ഷം കുടിയേറ്റക്കാരാണ് യുഎസിലേക്ക് എളുപ്പം പ്രവേശിച്ചത്.
16. റിക്രൂട്ട്മെൻ്റ് നിർത്തി: സൈനിക റിക്രൂട്ട്മെന്റും, സർക്കാരിന്റെ ചില മേഖലകളിലേക്കുള്ള നിയമനങ്ങളും ഒഴികെ ബാക്കി എല്ലാ ഫെഡറൽ നിയമനങ്ങളും താത്കാലികമായി നിർത്തിവച്ചു.
17. DOGEനെ ശാക്തീകരിച്ചു: സർക്കാർ പരിപാടികളും ചെലവുകളും വെട്ടിക്കുറയ്‌ക്കാൻ ശുപാർശ ചെയ്യുന്ന ഗവൺമെൻ്റ് കാര്യക്ഷമത വകുപ്പിന് (DOGE) അധികാരം നൽകി.
18. കാപിറ്റോൾ ആക്രമണകാരികൾക്ക് മാപ്പ്: 2021 ജനുവരി 6-ന് യുഎസ് കാപിറ്റോളിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റക്കാരായി കണ്ടെത്തിയ 1,500 തടവുകാർക്ക് മാപ്പ് നൽകി.
19. എല്ലാ ഫെഡറൽ DEI പ്രോഗ്രാമുകളും അവസാനിപ്പിച്ചു. അനുബന്ധ സംരംഭങ്ങൾ പരിശോധിച്ച് നിർത്തലാക്കാൻ നടപടി.
20. ഫെഡറൽ ജീവനക്കാരിൽ ചില വിഭാഗക്കാർക്ക് രാഷ്‌ട്രീയ നിയമനം നൽകുന്നത് പ്രാബല്യത്തിലാക്കും. ഇത് പിരിച്ചുവിടൽ പ്രക്രിയ എളുപ്പമാക്കുന്നു.
21. ജൈവ ലൈംഗികതയെ അടിസ്ഥാനമാക്കി (സ്ത്രീ/പുരുഷൻ) ഫെഡറൽ ജയിലുകൾ, കുടിയേറ്റ അഭയകേന്ദ്രങ്ങൾ, ലൈംഗികാതിക്രമത്തിന്റെ ഇരകൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സെക്ഷനുകൾ വേർതിരിക്കും.
22. ബൈഡൻ ഭരണകൂടത്തിന്റെ “രാഷ്‌ട്രീയ എതിരാളികൾ” എന്ന് കരുതപ്പെടുന്നവരുടെ ഫെഡറൽ പ്രോസിക്യൂഷൻ നടപടി അവസാനിപ്പിച്ചു
23. WHO-യിൽ നിന്ന് പുറത്തേക്ക്: ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പിൻവാങ്ങുന്നതിനുള്ള ഉത്തരവിൽ ഒപ്പുവച്ചു.
24. അമേരിക്കൻ പൗരന്മാരുടെ സംസാര സ്വാതന്ത്ര്യത്തെ ഭരണഘടനാവിരുദ്ധമായി എതിർക്കുന്ന ഫെഡറൽ ഓഫീസർ/ ജീവനക്കാരൻ/ഏജൻ്റ് എന്നിവരെ വിലക്കുന്ന ഉത്തരവിൽ ഒപ്പുവച്ചു,
25. വിദേശ സഹായം നൽകുന്നതിൽ തീർപ്പാവാത്ത അവലോകനങ്ങൾ 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചു.
26. ബൈഡൻ സർക്കാരിന്റെ കാലത്ത് സംസാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ട സംഭവങ്ങൾ അന്വേഷിക്കാനും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പരിഹാര നടപടികൾ നിർദ്ദേശിക്കാനും അറ്റോർണി ജനറലിന് നിർദ്ദേശം നൽകി.
27. മയക്കുമരുന്ന് സംഘങ്ങൾ വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കും.
28. മരണശിക്ഷ: സംസ്ഥാനങ്ങളിൽ വധശിക്ഷകൾ നടപ്പാക്കുന്നതിന് ലെതൽ ഇൻജക്ഷൻ നൽകാൻ അറ്റോർണി ജനറലെ നിർദ്ദേശിച്ചു.















