റായ്പൂർ: ഒഡിഷ-ഛത്തീസ്ഗഡ് അതിർത്തിയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി വിവിധ സുരക്ഷാസേനകളുടെ നേതൃത്വത്തിൽ ആരംഭിച്ച സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റ് വേട്ട. ഒഡിഷ പൊലീസും ഛത്തീസ്ഗഡ് പൊലീസും ഓപ്പറേഷന്റെ ഭാഗമായിരുന്നു.
ഒഡിഷയിലെ നുവാപദ ജില്ലാതിർത്തിയിലും ഛത്തീസ്ഗഡിലെ ഗരിയാബന്ധ് ജില്ലാതിർത്തിയിലുമാണ് സിആർപിഎഫിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ നടന്നത്. ഏറ്റുമുട്ടലിന് പിന്നാലെ വനമേഖലയിൽ നിന്ന് വലിയ തോതിൽ ആയുധ ശേഖരവും കണ്ടെത്തി. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ പൊലീസ് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചയാൾ ഉൾപ്പടെയുണ്ടെന്നാണ് വിവരം.
രണ്ട് വനിതാ മാവോയിസ്റ്റുകളെ വധിച്ച സംഭവത്തിന് പിന്നാലെയാണ് 12 പേർ കൊല്ലപ്പെട്ടിരിക്കുന്നത്. ഛത്തീസ്ഗഡിൽ കോബ്ര ജവാന്മാരുമായുണ്ടായ ഏറ്റുമുട്ടലിലാണ് നേരത്തെ രണ്ട് വനിതാ നക്സലുകൾ കൊല്ലപ്പെട്ടത്. ഇതോടെ രണ്ട് ദിവസത്തിനിടെ വധിക്കപ്പെട്ട നക്സലുകളുടെ എണ്ണം 14 ആയി.