ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് രാജ്യതലസ്ഥാനം. ഭരണപക്ഷമായ ആംആദ്മിയും പ്രതിപക്ഷമായ ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇപ്പോൾ രണ്ടാം ഘട്ട പ്രകടനപത്രിക പുറത്തിറക്കിയിരിക്കുകയാണ് ബിജെപി. മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സങ്കൽപ് പത്രയുടെ രണ്ടാം ഭാഗം അവതരിപ്പിച്ചത്. ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്ന അനവധി വാഗ്ദാനങ്ങളാണ് രണ്ടാം ഘട്ട സങ്കൽപ് പത്രയിലുമുള്ളത്. ബിരുദാനന്തര ബിരുദം വരെ സൗജന്യ പഠനം, മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് 15,000 രൂപ വരെ സാമ്പത്തിക സഹായം തുടങ്ങി നിരവധി ഉറപ്പുകൾ ബിജെപി മുന്നോട്ടുവെക്കുന്നു.
ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ ഡൽഹിയിലെ അർഹരായ വിദ്യാർത്ഥികൾക്ക് ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കെജി മുതൽ പിജി വരെ സൗജന്യ പഠനം നൽകുമെന്നാണ് പ്രഖ്യാപനം. മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്ന യുവാക്കൾക്ക് 15,000 രൂപ സഹായം ലഭിക്കും. പരീക്ഷയ്ക്ക് മുന്നോടിയായി നൽകിയ ആപ്ലിക്കേഷൻ ഫീ, യാത്ര ചെലവ് എന്നിവ മടക്കിനൽകും.
ആഭ്യന്തര തൊഴിലാളികൾക്ക് ക്ഷേമബോർഡ്, 10 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ്, 5 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്, മക്കൾക്ക് സ്കോളർഷിപ്പ്, ശമ്പളത്തോട് കൂടി ആറ് മാസത്തെ പ്രസവാവധി എന്നിവ നടപ്പിലാക്കും. ഓട്ടോ-ടാക്സി യാത്രക്കാർക്കും വെൽഫെയർ ബോർഡ് സ്ഥാപിക്കും. ഡോ. ബിആർ അംബേദ്കർ സ്റ്റൈപൻഡ് സ്കീമിന് കീഴിൽ ദളിത് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ നൽകും. ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ ആരോഗ്യം, ട്രാഫിക്, വൈദ്യുതി, വെള്ളം, ഗതാഗതം തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകുമെന്ന് അനുരാഗ് ഠാക്കൂർ അറിയിച്ചു.















